പൊതുജനങ്ങള്‍ സഹകരിച്ചാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊല്ലം നഗരത്തെ പേവിഷമുക്തമാക്കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പേവിഷവിമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ സായി ഓര്‍ഫനേജ് ട്രസ്റ്റുമായി ചേര്‍ന്നാണ് കൊല്ലത്ത് പദ്ധതി നടപ്പാക്കുന്നത്. ഓരോ വര്‍ഷവും ജില്ലയില്‍ പേവിഷബാധയേറ്റ് എട്ടു മുതല്‍ 10 വരെ ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തെരുവു നായ്ക്കള്‍ക്ക് ജനന നിയന്ത്രണ ശസ്ത്രക്രിയ നടത്തുകയും വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയും ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്യും. ശസ്ത്രക്രിയക്കായി അഞ്ചാലുംമൂട് മൃഗാശുപത്രിയോടനുബന്ധിച്ച് സ്ഥിരം കേന്ദ്രം ആരംഭിച്ചതായി മേയര്‍ പറഞ്ഞു.
സര്‍വ്വേ, ബോധവത്കരണം, പ്രതിരോധ കുത്തിവയ്പുകള്‍, നായ്ക്കളുടെ ജനനനിയന്ത്രണശസ്ത്രക്രിയകള്‍ എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള പേവിഷ നിര്‍മാര്‍ജ്ജന യജ്ഞത്തിനായി കൊല്ലം കോര്‍പ്പറേഷന്‍ 19,55,000 രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവയ്പ്പു നല്‍കുന്നതിന് അഞ്ചു മൃഗാശുപത്രികളും ജില്ലാ വെറ്ററിനറി കേന്ദ്രവും മേല്‍നോട്ടം വഹിക്കും. പ്രതിരോധ വാക്‌സിനുകള്‍ സര്‍ക്കാര്‍ സൗജന്യനിരക്കിലാണ് നല്കുന്നത്. നായൊന്നിന് പ്രതിരോധകുത്തിവയ്പിനായി ഉടമ 10 രൂപ നല്‍കണം. ഓരോ ഡിവിഷനിലും പ്രത്യേക കേന്ദ്രങ്ങളിലായിരിക്കും കുത്തിവയ്പ്പ്. ഇതിനായി ഒരോ കേന്ദ്രങ്ങളിലും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന 12 ഓളം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍കുമാര്‍ പദ്ധതി അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ചിന്ത എല്‍.സജിത്ത്, എസ്. ജയന്‍, എന്‍. മോഹനന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ. തോമസ്, ഡോ.എസ്. പ്രിയ എന്നിവര്‍ സംസാരിച്ചു.