ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ കൂടി വന്നതോടെ ആലപ്പുഴയുടെ വികസന മുന്നേറ്റത്തിന് ആക്കം വർധിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കൂടിയ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ സംഘാടകസമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ പുനരധിവാസ സമയത്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സർക്കാർ നടത്തിയത്. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി 10,000 കോടി രൂപയുടെ വികസനപദ്ധതികൾ എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ പാലം, തോട്ടപ്പള്ളിയിലെ ഫ്‌ളാറ്റ് നിർമാണം, 278 കോടി രൂപയുടെ ആലപ്പുഴയിലെ റോഡ് നവീകരണ പദ്ധതി ഉദ്ഘാടനം എന്നിവയെല്ലാം ഇതിനോടനുബന്ധിച്ച് നടക്കുകയാണ്. മണ്ഡലത്തിലെ സ്ഥലമുള്ള എല്ലാ അംഗനവാടികൾക്കും കെട്ടിടം പണിത് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയുള്ള എല്ലാ അങ്കണവാടികൾക്കും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ജുനൈദ് അധ്യക്ഷതവഹിച്ചു. സബ്കളക്ടർ വി.ആർ.കൃഷ്ണ തേജ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ പ്രതാപൻ, എം.ഷീജ, എൻ.എ അഫ്‌സത്ത്, ജി.വേണുലാൽ, റഹ്മത്ത് ഹാമീദ്, തഹസിൽദാർ ആശ സി.എബ്രഹാം, പൊതുമരാമത്ത് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.അരുൺകുമാർ എന്നിവർ സംസാരിച്ചു. അടുത്ത യോഗം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.