കാപ്പുകാട് മേഖലയിലും അരുവിക്കര ജലസംഭരണിയിലും സന്ദർശനം നടത്തി

വേനൽക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ജലദൗർലഭ്യമുണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ജൂൺ വരെ ആവശ്യമുള്ള വെള്ളം ഇപ്പോൾ ഡാമുകളിലുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യാർ ഡാമിന്റെ കാപ്പുകാട് മേഖലയിലും അരുവിക്കര ജലസംഭരണിയിലും സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

 

തുലാവർഷം പ്രതീക്ഷയ്ക്കൊത്തു ലഭിക്കാതിരുന്നതും വേനൽമഴയിൽ കുറവുണ്ടാകുന്ന സാഹചര്യവും മുൻനിർത്തിയാണ് ജലലഭ്യത ഉറപ്പാക്കുന്നതിന് മുൻകരുതലെന്ന് മന്ത്രി പറഞ്ഞു. പേപ്പാറ ഡാമിൽ ജലംവറ്റിയപ്പോൾ നെയ്യാറിൽനിന്നു നഗരത്തിലേക്കു വെള്ളമെത്തിച്ച പദ്ധതി ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ആവശ്യമെങ്കിൽ ഇത്തവണയും ഇത് ആവർത്തിക്കും. നഗരത്തിനൊപ്പം ജില്ലയുടെ മറ്റു ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും.

ജനുവരി 21ന് ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ജലലഭ്യതയിൽ എല്ലാ ജില്ലകളിലും തൃപ്തികരമായ സാഹചര്യമാണുള്ളത്. പതിവായി കുടിവെള്ള ക്ഷാമമുണ്ടാകുന്ന ചില മേഖലകളിൽ ഇത്തവണയും ടാങ്കറിൽ വെള്ളമെത്തിക്കും. ജില്ലാ കളക്ടർമാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ആലോചിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
നെയ്യാറിലെ 100 എം.എൽ.ഡി. ജലശുദ്ധീകരണശാലയും അരുവിക്കരയിലെ 75 എം.എൽ.ഡി. ജലശുദ്ധീകരണ ശാലയും വൈകാതെ കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റിന്റെ പ്രവർത്തനം മാർച്ചിൽ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അരുവിക്കരയിലെ 74 എം.എൽ.ഡി ജലശുദ്ധീകരണശാല, കുപ്പിവെള്ള നിർമാണ പ്ലാന്റ്, നിർമാണത്തിലിരിക്കുന്ന 75 എം.എൽ.ഡി. ജലശുദ്ധീകരണശാല എന്നിവിടങ്ങളും മന്ത്രി സന്ദർശിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ. കൗശികൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.