കഞ്ഞിക്കുഴി: പ്രളയത്തിന് ശേഷം എക്കലുകൾ ഒഴുകിയെത്തി കൃഷിയ്ക്ക് അനുകൂല സാഹചര്യമാണ് വന്നെത്തിയിരിക്കുന്നത്. അത് ഏവരും പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വിപണന മേളയും, മാരി ഫെസ്റ്റും കിഴങ്ങുവർഗ കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

21 ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്സവത്തിനെത്തുന്ന ചിക്കര കുട്ടികൾക്കും കുടുംബങ്ങൾക്കും വിഷരഹിത പച്ചക്കറി ലഭിക്കുവാനും കർഷകർക്ക് ന്യായ വില ലഭിക്കുവാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് ഈ കാർഷിക മേള. പണ്ടുകാലത്ത് രാജകുടുംബങ്ങൾക്ക് കരപ്പുറത്തിന്റെ പച്ചക്കറി ഏറെ പ്രിയമായിരുന്നു. മകരകൊയ്ത്തു കഴിഞ്ഞുള്ള മാസങ്ങളിൽ പാടശേഖരങ്ങൾ പച്ചക്കറി കൃഷി നടത്തിവന്നിരുന്നു. എന്നാൽ കാലക്രമേണ എല്ലാം മാറി പോയി. എന്നാൽ ഇപ്പോൾ കൃഷിയ്ക്ക് ഏറെ അനുകൂല കാലാവസ്ഥയാണ്. ഓരോ കാലാവസ്ഥയിലും ലഭ്യമായ പച്ചക്കറികൾ ക്ലസ്റ്ററുകൾ തിരിച്ചു വിൽക്കുവാനും അധികം വരുന്നവ ഫ്രീസർ സംവിധാനങ്ങളുടെ സഹായത്താൽ ലഭ്യമല്ലാത്ത സമയത്തു വിറ്റഴിക്കുവുള്ള സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ നടത്തിവരികയാണ്. നാടിന്റെ തനത് ഉത്പന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനുമുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.