* എക്‌സൈസ് ടവർ യാഥാർത്ഥ്യമാവും

സുൽത്താൻ ബത്തേരിയിൽ എക്‌സൈസ് കോംപ്ലക്‌സ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ദ്രുതഗതിയിൽ. കൈമാറിക്കിട്ടിയ റവന്യൂഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും എക്‌സൈസ് കമ്മീഷണറുടെ പരിഗണനയിലാണ്. കുപ്പാടി വില്ലേജിൽ ബ്ലോക്ക് 16ൽ റീസർവേ നമ്പർ 37ൽപെടുന്ന 0.8460 ഹെക്ടർ റവന്യൂഭൂമിയിൽ നിന്ന് 0.2024 ഹെക്ടറാണ് 2018 ആഗസ്റ്റിൽ എക്‌സൈസ് വകുപ്പിന് കൈമാറിയത്. സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ്, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നീ ഓഫീസുകളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാവുക.
അതേസമയം, മാനന്തവാടി എക്‌സൈസ് കോംപ്ലക്‌സ് നിർമാണം പുരോഗമിക്കുകയാണ്. 2018 മെയ് 29ന് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. 2.35 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളായാണ് കോംപ്ലക്‌സ് നിർമിക്കുക. 75 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മിനിസിവിൽ സ്റ്റേഷന് സമീപം റവന്യൂവകുപ്പ് അനുവദിച്ച 25 സെന്റ് ഭൂമിയിലാണ് കെട്ടിടം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസ്, റേഞ്ച് ഓഫിസ്, സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസ് എന്നിവ ഇതോടെ ഒരുകുടക്കീഴിലാവും. ഗ്രൗണ്ട് ഫ്‌ളോറിൽ റേഞ്ച് ഓഫിസും ഒന്നാം നിലയിൽ സർക്കിൾ ഓഫിസും രണ്ടാംനിലയിൽ സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസും പ്രവർത്തിക്കും. മൂന്നാംനിലയാണ് കോൺഫറൻസ് ഹാൾ. വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാർക്ക് പ്രത്യേകം മുറികൾ 1058 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കോംപ്ലക്‌സിലുണ്ടാവും.
ജില്ലയിൽ എക്‌സൈസ് ടവർ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ടവറിന് അനുയോജ്യമായ ഭൂമി കണ്ടെത്തിയാൽ ഉടൻ തുടർനടപടികളുണ്ടാവുമെന്ന് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ അറിയിച്ചു. 10 കോടി രൂപ ചെലവിലാണ് ജില്ലയിൽ എക്‌സൈസ് ടവർ സ്ഥാപിക്കുക.