ലഹരിവർജന സന്ദേശം സമൂഹത്തിനു നൽകി എക്‌സൈസ് വകുപ്പിന്റെ ഡി-അഡിക്ഷൻ സെന്റർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ സെന്റർ ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പുമായി സഹകരിച്ച് കൽപ്പറ്റ ജനറൽ ആശുപത്രി മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകളിലായാണ് സെന്ററിന്റെ പ്രവർത്തനം. 10 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ നിർമിതി കേന്ദ്രമാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. മെയിൽ, ഫീമെയിൽ വാർഡുകളും പരിശോധനാ മുറിയും ഫാർമസിയും മേൽക്കൂരയുമെല്ലാം പുതുക്കിപ്പണിതു. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ, സൈക്യാട്രിക് സോഷ്യൽ വർക്കർ, മൂന്നു സ്റ്റാഫ് നഴ്‌സ്, രണ്ടു സുരക്ഷാ ജീവനക്കാർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളാണ് സെന്ററിലുള്ളത്. ഐപി സൗകര്യത്തോടുകൂടി ആരംഭിച്ച കേന്ദ്രത്തിൽ ചികിൽസയും മരുന്നും സൗജന്യമാണ്.
മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ വിമുക്തി മിഷൻ രൂപീകരിച്ചത്. ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനുംം ജില്ലാ കളക്ടർ കൺവീനറുമായി വിമുക്തി കമ്മിറ്റി പ്രവർത്തിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറുമാണ്. വാർഡ് തലങ്ങളിലും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ മാസവും ജില്ലാതല കമ്മിറ്റി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തി വരികയും ചെയ്യുന്നു.
