പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവീന വായ്പാ പദ്ധതി ജില്ലയിലാരംഭിച്ചു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൈപ്പിടിച്ചുയര്‍ത്തുന്ന സമഗ്രവികസന നയമാണ് സര്‍ക്കാരിനുള്ളതെന്നും സമൂഹത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിലൂടെ ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടു പോയ ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ വിജയകരമായി സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന മുളിയാറിലെ കെ മോഹന്‍, അഡൂരിലെ ദിവാകര്‍ നായക്, തായന്നൂരിലെ കല്ല്യാണി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ചടങ്ങില്‍ വിവിധ പദ്ധതികളിലായി 50 ഗുണഭോക്താക്കള്‍ക്ക് 52 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ 1130 ഗുണഭോക്താക്കള്‍ക്ക് 13.50 കോടി രൂപയുടെ വായ്പയാണ് കോര്‍പ്പറേഷന്‍ മുഖാന്തിരം നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 454 പേര്‍ക്ക് 6 കോടി രൂപയാണ് നല്‍കിയത്. നവീന വായ്പാ പദ്ധതികളിലൂടെ വിവിധങ്ങളായ പദ്ധതികള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയിലൂടെ പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗക്കാരായ പത്തു പേരടങ്ങുന്ന സംരഭത്തിന് മൂന്ന് ലക്ഷം രൂപ 5 ശതമാനം പലിശയില്‍ നല്‍കും. ഇതില്‍ ഒരു ലക്ഷം സബ്സിഡിയായതിനാല്‍ രണ്ട് ലക്ഷം തിരിച്ചടച്ചാല്‍ മതി. കൃഷി ഭൂമി, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, പ്രവാസി പുനരധിവാസം, വിദേശ വായ്പ, സ്റ്റാര്‍ട്ട് അപ് ആരംഭിക്കുന്നതിന് 6 ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപ വരെ വായ്പ എന്നിങ്ങനെ നിരവധി പദ്ധതികളാണ് നവീന വായ്പാ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. വായ്പാ വിതരണോദ്ഘാടനം എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എയും കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബി രാഘവന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എം എ നാസര്‍, ഡയറക്ടര്‍ കെ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പി സി രത്നാകരന്‍ സംസാരിച്ചു.