സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വെങ്ങപ്പള്ളിയെ സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ പി.ജെ വർഗീസ് പദ്ധതി വിശദീകരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണി, സ്ഥിരംസമിതി അംഗങ്ങളായ കെ.വി രാജൻ, ഒ.ബി വസന്ത, പഞ്ചായത്ത് അംഗം പി. ഉസ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇസഹാഖ് അലി, കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസർ കെ. വിനോദ് കുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ എം.കെ രേഷ്മ എന്നിവർ സംസാരിച്ചു.
ഭക്ഷ്യസുരക്ഷ പഞ്ചായത്ത് പ്രഖ്യാപനത്തോടനുബന്ധിച്ച് കർഷകർ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്കായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ലഘുലേഖകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ പൊതുവിതരണ കുടിവെള്ള സ്രോതസ്സുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രത്യേക ക്യാമ്പുകൾ നടത്തി പഞ്ചായത്തിലെ മുഴുവൻ ഫുഡ് ബിസിനസ് ഓപറേറ്റർമാർക്കും ലൈസൻസ് ലഭ്യമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തുടർപരിശോധനയും ബോധവൽക്കരണ ക്ലാസും തുടർന്നും നടക്കുമെന്നു അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണർ പി.ജെ വർഗീസ് അറിയിച്ചു.
വെങ്ങപ്പള്ളിയെ കൂടാതെ തവിഞ്ഞാൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ കൂടി സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്തുകളാവും. ഫെബ്രുവരി 26 ഉച്ചയ്ക്ക് രണ്ടിനു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഒ.ആർ കേളു എംഎൽഎ പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. നൂൽപ്പുഴ പഞ്ചായത്ത് ഹാളിൽ നാളെ (ഫെബ്രുവരി 27) രാവിലെ 11ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎ പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭൻ കുമാർ അധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ വർഗീസ് പദ്ധതി വിശദീകരിക്കും.
