പഞ്ചാബില്‍ നിന്നും കൊണ്ടുവന്ന രണ്ട് സഹിവാള്‍ പശുക്കള്‍ ഉള്‍പ്പെടെ നാല് പശുക്കള്‍ വളരുന്ന ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വിളയോടിയിലെ വീട്ടില്‍ നിന്നും ജില്ലയിലെ കന്നുകാലി സെന്‍സസിന് തുടക്കമായി. കര്‍ഷകര്‍, ക്ഷീര സഹകരണ സംഘം പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മന്ത്രിയുടെ വീട്ടുമുറ്റത്തു ചേര്‍ന്ന യോഗത്തില്‍ 20-ാമത് കന്നുകാലി സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയില്‍ അപൂര്‍വമായ സഹിവാള്‍ പശുക്കളുടെ മേന്മകള്‍ വിശദീകരിച്ച് മന്ത്രി സെന്‍സസിനുളള വിവരങ്ങള്‍ നല്‍കി. പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്തുന്ന സെന്‍സസിലെ ആദ്യ വിവരങ്ങള്‍ വിളയോടിയിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സജീവ് ടാബ്ലറ്റില്‍ രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.തോമസ് എബ്രഹാം പദ്ധതി വിശദീകരിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി. മുരുകദാസ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.രാജന്‍, കെ.ചെന്താമര, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ.ജോജു ഡേവിസ്, മീനാക്ഷിപരം വെറ്ററിനറി സര്‍ജന്‍ ഡോ.ഷെമി, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജിജു എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ മൂന്ന് മാസത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വീടുകളിലെത്തിയാണ് കമ്പ്യൂട്ടര്‍ അധിഷ്ടിത ഓണ്‍ലൈന്‍ വിവരശേഖരണം നടത്തും. പൊതുജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ.തോമസ് എബ്രഹാം അറിയിച്ചു.
