കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കെ.ബാബു എം.എല്‍.എ കുടുംബത്തിന് കൈമാറി. കൊല്ലങ്കോട് ബ്ലോക്കിലെ ആദ്യ വനിതാ കെട്ടിട നിര്‍മ്മാണ ഗ്രൂപ്പിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് വീട് നിര്‍മ്മിച്ചത്. കൊല്ലങ്കോട് പഞ്ചായത്തില്‍ നിന്നും 25, വടവന്നൂരില്‍ നിന്നും മൂന്ന്, മുതലമടയില്‍ നിന്നും ഒന്ന് എന്നിങ്ങനെ 29 വനിതകളാണ് കെട്ടിട നിര്‍മ്മാണ മേഖലകളില്‍ പരിശീലനം നേടിയത്. കൊല്ലങ്കോട് പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ കാച്ചാംകുറിശ്ശി കാശുവിന് പി.എം.എ.വൈ പദ്ധതിയിലൂടെ ലഭിച്ച വീടാണ് സംഘം നിര്‍മ്മാണത്തിന് ഏറ്റെടുത്തത്. 53 ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി 420 സ്‌ക്വയര്‍ഫീറ്റില്‍ രണ്ടു മുറികള്‍, ഒരു സ്വീകരണമുറി, അടുക്കള, ബാത്ത്റൂം അടങ്ങിയ വീടാണ് നിര്‍മ്മിച്ചത്. അസ്ഥിവാരം മുതല്‍ പെയ്ന്റിങ് വരെയുള്ള ജോലികള്‍ക്ക് പുറമെ പ്ലംബിങ്, വയറിങ് തുടങ്ങിയ ജോലികളും വനിതകള്‍ തന്നെയാണ് ചെയ്തത്. പരിശീലനം പൂര്‍ത്തിയാക്കിയ സംഘം കൊല്ലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മറ്റൊരു വീടിന്റെ നിര്‍മ്മാണമാരംഭിച്ചു. എസ്.ബി ഗ്ലോബല്‍ പരിശീലന ഏജന്‍സിയാണ് കെട്ടിട നിര്‍മ്മാണ പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് പരിപാടിയില്‍ അധ്യക്ഷയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് ഗ്രൂപ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ എ.ഡി.എം.സി എം. ദിനേശ് പദ്ധതി വിശദീകരിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീത അരവിന്ദന്‍, വിനയകുമാര്‍, വാര്‍ഡ് അംഗം സുമതി ബാലചന്ദ്രന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജി.സുനിത, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ കെ.പി.വേലായുധന്‍, ബി.ഡി.ഒ നാരായണന്‍കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.മുരളി പങ്കെടുത്തു.