ആലപ്പുഴ: റവന്യൂവകുപ്പിനെ കൂടുതൽ ജനസൗഹൃദ മാക്കി മാറ്റുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച പട്ടണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. ചേർത്തല താലൂക്കിൽ സ്മാർട്ട് വില്ലേജ് ആകുന്ന മൂന്നാമത്തെ വില്ലേജ് ആണ് പട്ടണക്കാട് വില്ലേജ് ഓഫീസ്. 1400 ചതുരശ്ര അടിയിൽ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പട്ടണക്കാട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ആധുനിക സൗകര്യങ്ങളുള്ള ഇരുനില കെട്ടിടമാണ് ഇത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അർത്തുങ്കൽ, കഞ്ഞിക്കുഴി വില്ലേജ് ഓഫീസുകൾ നേരത്തേതന്നെ സ്മാർട്ട് വില്ലേജുകളാക്കി മാറ്റിയിരുന്നു. ജനങ്ങൾക്ക് വേണ്ട സേവനം വേഗത്തിലും കൃത്യസമയത്തും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആണ് റവന്യു വകുപ്പ് നടത്തിവരുന്നതെന്ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി തിലോത്തമൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരുലക്ഷത്തി ആറായിരം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സർക്കാർ 1000 ദിവസം പൂർത്തിയാകുമ്പോൾ ചേർത്തലയിലും ആലപ്പുഴ ജില്ലയിലും വലിയ വികസനങ്ങളാണ് നടന്നുവരുന്നത്. എൻ.എച്ച് 66 നാലുവരിയാക്കൽ, തീരദേശ ഹൈവേ എന്നിവയുടെ നടപടികൾ വേഗത്തിൽ നീങ്ങുന്നതായി മന്ത്രി പറഞ്ഞു. മനോരമക്കവല വികസനത്തിനായി 43 സെന്റ് സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ചേർത്തല ജെട്ടി സൗന്ദര്യവത്കരണം നടത്തുകയാണ്. ചേർത്തലയിലെ മിക്കവാറും എല്ലാ റോഡുകളും ദേശീയ നിലവാരത്തിൽ എത്തിയതായി മന്ത്രി പറഞ്ഞു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാകളക്ടർ എസ്. സുഹാസ്, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ഐ.അബ്ദുൾസലാം, സബ്കളക്ടർ കൃഷ്ണതേജ, നിർമ്മിതികന്ദ്രം പ്രോജക്ട് മാനേജർ എം എസ് ഗോപകുമാർ, ജില്ലാപഞ്ചായത്തംഗം സന്ധ്യ ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജു ബേബി, എം. ബിജുകുമാർ, ചേർത്തല തഹസിൽദാർ രാജേന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.