ജില്ലയില്‍ ഭക്ഷണം കണ്ടെത്താന്‍ പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയുടെ അവലോകന യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഇത്തരം കുട്ടികളെ കണ്ടെത്തി മാര്‍ച്ച് 12ന് മുമ്പ് ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ അധികൃതരോടും യോഗം നിര്‍ദ്ദേശിച്ചു. ലിസ്റ്റ് തയ്യാറാകുന്നതിനനുസരിച്ച് കളക്ടറുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കും.
സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ക്ക് പുറമേ അവധിക്കാലത്തും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സ്‌കൂളുകളിലെത്തുന്ന ചില വിദ്യാര്‍ത്ഥികള്‍ വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിശു ക്ഷേമ സമിതി പദ്ധതി ആരംഭിച്ചത്. പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്നത് മൂലം ശാരീരിക-മാനസികോര്‍ജം ലഭിക്കാതെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാന്‍ സാധിക്കാതെ വരുന്നു. സ്‌കൂളുകളില്‍ നിന്നും നേരത്തേ നല്‍കുന്ന കൂപ്പണുമായി പദ്ധതിയിലുള്‍പ്പെട്ട അടുത്തുള്ള ഹോട്ടലുകളില്‍ ചെന്നാല്‍ സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുകയാണ് മധുരം പ്രഭാതം കൊണ്ടുദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സമീപ ഭാവിയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ല മുഴുവനും പദ്ധതി നടപ്പിലാക്കും. എഡിഎം സി ബിജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി മധു മുദിയക്കാല്‍, എഇഒമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.