തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊതു തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അവരുടെ വോട്ടവകാശം രേഖപ്പെടുത്താന്‍ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഏര്‍പ്പെടുത്തും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വീട്ടില്‍ നിന്ന് ബൂത്തിലേയ്ക്കും തിരിച്ചും വാഹനസൗകര്യം ഉണ്ടായിരിക്കും. ഇതാദ്യമായാണ് ജില്ലാ ഭരണകൂടം ഭിന്നശേഷി വിഭാഗക്കാര്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത്. ശ്രവണ, സംസാര വൈകല്യം, ചലനശേഷി ഇല്ലാത്തവര്‍, കാഴ്ച വൈകല്യം എന്നിങ്ങനെ 40 ശതമാനമെങ്കിലും അംഗവൈകല്യമുള്ളവരെയാണ് ഭിന്നശേഷിവോട്ടര്‍മാരായി പരിഗണിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 6400 ലധികം പേര്‍ പി.ഡബ്ല്യു.ഡി (പേഴ്സണ്‍ വിത്ത് ഡിസബിലിറ്റി) ഗണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുമ്പോള്‍ ഏതു തരത്തിലുള്ള ഭിന്നശേഷിക്കാരാണെന്ന് അടയാളപ്പെടുത്തുന്നതിനുള്ള സൗകര്യവും ഇത്തവണ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ജില്ലയില്‍ ഭിന്നശേഷി വിഭാഗക്കാരുടെ ഐക്കണ്‍ എം.ബി. പ്രണവാണ്. പ്രളയ സമയത്ത് കാലുകള്‍ കൊണ്ട് ചിത്രം വരച്ച് ശ്രദ്ധേയനായ ആലത്തൂര്‍ സ്വദേശിയും ചിറ്റൂര്‍ ഗവ. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ പ്രണവ് കന്നി വോട്ടാവും വിനിയോഗിക്കുക.