പൊതു തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അട്ടപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റുഡന്റ് പോലീസും സംയുക്തമായി രണ്ടുദിവസങ്ങളിലായി അട്ടപ്പാടിയുടെ ഉള്‍പ്രദേശങ്ങളില്‍ ആദിവാസി ഊരുകളില്‍ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ ക്ലാസ് നടത്തി. ചുണ്ടകുളം ഊരില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് ആര്‍.ഡി.ഒ ആര്‍.രേണു ഉദ്ഘാടനം ചെയ്തു. എസ്.ടി പ്രമോട്ടറായ തങ്കമണി അധ്യക്ഷയായി. ജനങ്ങളെ വോട്ട് അവകാശം സംബന്ധിച്ച് ബോധവാന്മാരാക്കുക, യുവ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണം നത്തിയത്. വോട്ടിങ് മെഷീന്‍, വിവിപാറ്റ്, ബുക്ക് ലെറ്റ്സ് എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ജനങ്ങളോട് പ്രാദേശിക ഭാഷയില്‍ സംവദിച്ചു. ഊരുകളിലെ കുട്ടികള്‍ തന്നെയാണ് ബോധവത്ക്കരണം നടത്തിയത് എന്നതിനാല്‍ പ്രാദേശിക ഭാഷയില്‍ എളുപ്പത്തില്‍ സംവദിക്കാനായി. ഊരിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ നഞ്ചി ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പരിപാടിയില്‍ ഉറപ്പു പറഞ്ഞു.
പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് വിങ്ങിനെയും മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിന്റേയും മേല്‍നോട്ടത്തില്‍ നടന്ന പരിപാടിയില്‍ ഇലക്ടറല്‍ ക്ലബ് ഡിസ്ട്രിക് മാസ്റ്റര്‍ പരിശീലകനായ ടി. സത്യന്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോസഫ് ആന്റണി, സിസിലി സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ പറ്റിയുള്ള വെള്ളിവെളിച്ചം ഡോക്യുമെന്ററിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സന്ദേശം വായിക്കുകയും ചെയ്തു.