പൊതുതിരഞ്ഞെടുപ്പില്‍ പൊതുജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന നാടകാവതരണവുമായി തോല്‍പ്പാവക്കൂത്തിന് ജില്ലയില്‍ തുടക്കമായി. ജനാധിപത്യസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ ഓരോ പൗരന്റേയും വോട്ട് വിലപ്പെട്ടതാണെന്ന സന്ദേശമാണ് പാവക്കൂത്ത് ജനങ്ങളിലെത്തിക്കുന്നത്. ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലയിലെ വോട്ടിംഗ് നൂറ് ശതമാനം കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പാവക്കൂത്ത് ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11, 12 തിയതികളുള്‍പ്പെടെ മൂന്നു ദിവസമാണ് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലുമായി പാവക്കൂത്ത് നടക്കുക.
പൊതു തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി തോല്‍പ്പാവക്കൂത്ത് പ്രദര്‍ശന വാഹനം പര്യടനം ഉദ്ഘാടനം ചെയ്യുന്നു
വോട്ടിന്റെ പ്രാധാന്യമടങ്ങിയ സന്ദേശം നല്‍കുന്നതിനോടൊപ്പം തിരഞ്ഞെടുപ്പിന്റെ ഭാഗമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവയെക്കുറിച്ചും വോട്ടു ചെയ്യാന്‍ പോവുമ്പോള്‍ കൈയില്‍ കരുതേണ്ട രേഖകളെക്കുറിച്ചും പാവക്കൂത്തില്‍ ഓര്‍മപ്പെടുത്തുന്നു.  പകല്‍ സമയത്ത് നൂല്‍പ്പാവക്കൂത്തും രാത്രിയില്‍ നിഴല്‍പ്പാവക്കൂത്തുമാണ് പ്രദര്‍ശിപ്പിക്കുക. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നിന്നും രാവിലെ 10.30ന് ആരംഭിച്ച അവതരണം ആദ്യദിനം പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലെ വിവിധയിടങ്ങളിലും പ്രദര്‍ശനം നടത്തി രാത്രി എട്ടിന് മലമ്പുഴ ഉദ്യാനത്തില്‍ സമാപിക്കും.
ഷൊര്‍ണൂര്‍ തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രം, ആയഞ്ചേരി സമന്വയ പാവനാടക സംഘം എന്നിവ സംയുക്തമായി കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയ രാജീവ് പുലവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന സന്ദേശവുമായി വോട്ടുവണ്ടിയും പാവക്കൂത്തിനൊപ്പം പര്യടനം തുടങ്ങി.