കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് കാസര്‍കോട്    കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍  തുടക്കമായി. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ  പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.  ജില്ലയിലെ നാല് ആഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും ആറു കാര്‍ഷിക കര്‍മ്മ സേനകളില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടു പേര്‍ വീതം 20 പേര്‍ക്ക് 12 ദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.  കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗ ശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തന സജ്ജമാക്കി കാര്‍ഷിക കര്‍മ്മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.യു.ജയകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോജക്ട് എഞ്ചിനീയര്‍, ഭക്ഷ്യ സുരക്ഷ സേനയിലെ രണ്ടു സീനിയര്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നാലു കാര്‍ഷിക മെക്കാനിക്ക് ട്രെയിനര്‍മാര്‍ എന്നിവരടങ്ങുന്ന ഏഴ് അംഗ സംഘമാണ് ഈ പരിശിലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.  ഇതിന് പുറമേ കൃഷി എഞ്ചിനീയറിംഗ് വിഭാഗവും മുഴുവന്‍ സഹായവുമായി ഈ യജ്ഞത്തിനോടൊപ്പം ചേരുന്നുണ്ട്.
യന്ത്രവത്ക്കരണത്തിലൂടെ ചിലവു കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ മികച്ച വിളവ് ലഭിക്കുന്നതിനും സ്വകാര്യ ഏജന്‍സികളുടെ അമിതകൂലി ഈടാക്കുന്നതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനും ഈ യജ്ഞം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.  പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് ആത്മ പ്രൊജക്ട് ഡയറക്ടര്‍ സ്റ്റെല്ല ജേക്കബ് നിര്‍വ്വഹിച്ചു.  അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (ഇന്‍ ചാര്‍ജ്) ദാമോദരന്‍.എ അധ്യക്ഷനായിരുന്നു.  കാസര്‍കാട്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടെസമ്മ, ഡെപ്യൂട്ടി പ്രൊജകട് ഡയറക്ടര്‍ സജീവ് കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.  അസിസ്റ്റന്റ് എഞ്ചിനീയര്‍ സുഹാസ്.ഇ.എന്‍, പ്രോജക്ട് എഞ്ചിനീയര്‍ ഷിബിന കെ.വി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.  ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. സൂര്യനാരായണ ഭട്ട് നന്ദി പറഞ്ഞു.
പൂര്‍ണ്ണമായും യന്ത്രവത്കൃതമായ കൃഷി രീതികള്‍ അവലംബിക്കുക വഴി കര്‍ഷകരെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടു വരിക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ നടക്കുന്ന കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞം പരിശീലന പരിപാടി മേയ് എട്ടിന് മാപിക്കും.