ആരോഗ്യ രക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്‌കരണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പകര്‍ച്ചാ വ്യാധി പ്രതിരോധത്തിന്റെയും ബാലപാഠങ്ങള്‍ പകരാനും മാലിന്യത്തിന്റെ അളവ് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ശീലം വളര്‍ത്തുവാനും ലക്ഷ്യമിട്ട് ജില്ലയിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പുമായി ഹരിത കേരളം മിഷന്‍.
ഹരിത കേരളം മിഷന്‍, കുടുംബശ്രീ, കില, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവ ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലകളിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ടു വീതം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏപ്രില്‍ 29, 30 തീയതികളിലായി ഉദുമ എരോല്‍ പാലസില്‍ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ബ്ലോക്ക്തല ക്യാമ്പുകള്‍ വിവിധ കേന്ദ്രങ്ങളിലായി മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ നടക്കും. ജില്ലാ- ബ്ലോക്ക്തല പരിശീലനം പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.
രണ്ടു ദിവസത്തെ ക്യാമ്പില്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കല്‍, മാലിന്യ സംസ്‌കരണ ഉപാധികള്‍ പരിചയപ്പെടല്‍, ഹരിത നിയമങ്ങള്‍ മനസിലാക്കല്‍, ഗൃഹ സന്ദര്‍ശനം, ആരോഗ്യ ക്ലാസ്, പ്രദേശത്തെ മാലിന്യ പരിപാലന അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്, നിവേദനം തയ്യാറാക്കി അധികാരിക്കള്‍ക്ക് കൈമാറല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും.