പ്രൈമറി അധ്യാപകര്‍ക്കു വേണ്ടിയുള്ള അവധിക്കാല പരിശീലനത്തിനു മുന്നോടിയായുള്ള ശില്പശാല ആരംഭിച്ചു. ഇരവിപേരൂര്‍ സെന്റ്‌ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച യു.പിതല ശില്പശാല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍. വിജയമോഹനന്‍ അധ്യക്ഷത വഹിച്ചു. എല്‍.പി തല റിസോഴ്‌സ് ഗ്രൂപ്പ് ശില്പശാല അടൂര്‍ ബി.ആര്‍.സിയില്‍ ആരംഭിച്ചു.
        അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലയില്‍ സ്‌കൂള്‍ അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കര്‍മ്മപദ്ധതി അധ്യാപകര്‍ തയാറാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികള്‍, നൂതനാശയ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ പഠന മികവുകള്‍, നൂതന പഠനതന്ത്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് കര്‍മപദ്ധതി തയാറാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, സമഗ്രശിക്ഷ കേരളയുടെ ട്രെയിനര്‍മാര്‍ എന്നിവരാണ് ജില്ലാ റിസോഴ്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. മേയ് ഏഴിന് പ്രൈമറിതല അധ്യാപക പരിശീലനവും ശില്പശാലയും ജില്ലയില്‍ ആരംഭിക്കും. ഐ.സി.ടി ഉള്‍പ്പെടെ എട്ടു ദിവസത്തെ പരിശീലനമാണ് ക്രമീകരിച്ചിട്ടുള്ളത്.
        പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സിന്ധു പി.എ, ജയലക്ഷ്മി എ.പി, ഡയറ്റ് ഫാക്കല്‍റ്റി ഡോ.ശുഭ പി.വി, ബി.പി.ഒ മാരായ ഷാജി.എ.സലാം (പുല്ലാട്), ജോസ് മാത്യു (അടൂര്‍), ട്രെയിനര്‍ ബിജി വര്‍ഗീസ്, ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്നമ്മ രജനി ചെറിയാന്‍, ഹെഡ്മാസ്റ്റര്‍ സാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.