പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്ര ജ്യോതി പദ്ധതിക്ക് മേയ് ഒന്നിന് തുടക്കമാകും.  അഞ്ച് വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെയും ഒന്നാം ക്ലാസ്സ് പ്രവേശനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.  കല്‍പ്പറ്റ നഗരസഭയിലും, മേപ്പാടി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലുമാണ് പൈലറ്റ് പ്രൊജക്ടായി പദ്ധതി നടപ്പാക്കുന്നത്.      പദ്ധതിയുടെ ഭാഗമായി മെയ് 1 മുതല്‍ 20 വരെ എല്ലാ പട്ടികവര്‍ഗ്ഗ വീടുകളിലും ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ നേരിട്ടെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കും. ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, ജനമൈത്രി എക്‌സൈസ്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, മെന്റര്‍ ടീച്ചര്‍മാര്‍, ഊരുമിത്ര, സാക്ഷരതാ പ്രേരക്, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ ഫെസിലിറ്റേറ്റര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരടങ്ങിയ അഞ്ചില്‍ കുറയാത്ത സംഘമാണ്  ഓരോ വീടുകളും സന്ദര്‍ശിക്കുക. ഇതിനായി എസ്.ടി പ്രൊമോട്ടര്‍മാരെ 3 പേര്‍ വീതമുള്ള ഓരോ ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.
     സാമ്പത്തിക പ്രയാസമുള്ളവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും പദ്ധതിയിലൂടെ നല്‍കും. ഹോസ്റ്റലില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ താല്‍പര്യമുള്ള     വിദ്യാര്‍ത്ഥികളെ വകുപ്പ് നടത്തുന്ന വിവിധ ഹോസ്റ്റലുകളില്‍ പ്രവേശനം നല്‍കും. കാട്ടുനായ്ക്ക വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂല്‍പ്പുഴയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും, അടിയ പണിയ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തിരുനെല്ലിയിലുള്ള ഗവ. ആശ്രമം സ്‌കൂളിലുമാണ് പ്രവേശനം നല്‍കുക.
       മെയ് 21 മുതല്‍ 30 വരെയാണ് രണ്ടാം ഘട്ട ഭവന സന്ദര്‍ശനം നടത്തുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ളവര്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള കോളനികളില്‍ എത്തി 5 വയസ്സ് പൂര്‍ത്തിയായ കുട്ടികളെ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂള്‍,എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കും.  പഠനം നിര്‍ത്തിയവരെ തുടര്‍ന്ന് പഠിപ്പിക്കുന്നതിനുള്ള നടപടികളും കൈകൊള്ളും.       പഠന സൗകര്യമില്ലാത്ത  കോളനികളില്‍  വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ പഠനമുറി ആരംഭിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും.  ആദ്യഘട്ടമായി കല്‍പ്പറ്റ നഗര സഭയിലെ ഓണിവയല്‍ കോളനിയിലും, മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദ് കോളനിയിലും സാമൂഹ്യപഠന മുറി ആരംഭിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളെ ഫെസിലിറ്റേറ്ററായി ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട്.   ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ചായ, ലഘു ഭക്ഷണം എന്നിവയും നല്‍കും.  സെന്ററുകളില്‍ വിവിധ പത്രങ്ങളും, ആനുകാലികങ്ങളും ഉണ്ടായിരിക്കും. നടപ്പുവര്‍ഷം കല്‍പ്പറ്റ നഗര സഭയിലും, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലുമായി 10 സാമൂഹ്യ പഠന മുറികള്‍ കൂടി ആരംഭിക്കുവാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
     അഞ്ച് വയസ്സ് പൂര്‍ത്തിയായ ഏതെങ്കിലും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രവേശനം നേടാത്തത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് ടീ ലീഡര്‍മാരെ വിവിരങ്ങള്‍ അറിയിക്കാം. കല്‍പ്പറ്റ കെ.സുനില്‍കുമാര്‍ 9747809240, മേപ്പാടി വി. മണികണ്ഠന്‍ 9656498610, മൂപ്പൈനാട് കെ. രാജേന്ദ്രന്‍ 9656207123.