യനാട് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടു ദിവസമായി നടത്തിവന്ന സമഗ്ര ശുചീകരണ യജ്ഞം പൂർത്തിയായി. വാർഡ് അടിസ്ഥാനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ, സാക്ഷരത പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, സ്വകാര്യ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്നു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും ശേഖരിക്കാൻ വീട്ടമ്മമാരടക്കം രംഗത്തിറങ്ങി. ജനപ്രതിനിധികൾ നേതൃത്വം നൽകി. ശനിയാഴ്ച നടന്ന ആദ്യഘട്ട ശുചീകരണത്തിൽ പൊതുയിടങ്ങൾ വൃത്തിയാക്കുന്നതിനായിരുന്നു മുൻതൂക്കം. മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് വയനാടിനെ സാംക്രമിക രോഗഭീഷണിയിൽ നിന്നും മുക്തമാക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുണ്ട്. അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് വേർതിരിച്ച് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി ശുചിത്വമിഷൻ തയ്യാറാക്കിയ ആക്ഷൻപ്ലാൻ അനുസരിച്ചായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ഉൾപ്പെടുത്തി ജില്ലാതല ആലോചനായോഗം ചേർന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. തുടർന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സാനിട്ടേഷൻ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് കർമപദ്ധതിയൊരുക്കി. പിന്നീടാണ് വാർഡ് തലത്തിൽ ശുചീകരണ പദ്ധതി തയ്യാറാക്കിയത്.