ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ ശില്‍പശാലയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം. മെഹറലി നിര്‍വഹിച്ചു. പൊതുജനങ്ങളില്‍ ഡെങ്കിപ്പനിയെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് പരമാവധി രോഗം കുറയ്ക്കുക, ഡെങ്കിപ്പനി മൂലമുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചത്. ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യം, അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരസഭാ പ്രദേശത്ത് ഉറവിടനശീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാവിലെ നടന്നു. വരും ദിവസങ്ങളില്‍ ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുന്ന തോട്ടം മേഖലകളില്‍ ഊര്‍ജിതമായ ബോധവത്ക്കരണ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും.
ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗം. ആരോഗ്യവകുപ്പും ഒപ്പം മറ്റെല്ലാ വകുപ്പുകളുടെയും സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയുള്ളൂവെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറവിട നശീകരണത്തില്‍ ഉറപ്പുവരുത്തണമെന്നും ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം. മെഹറലി പറഞ്ഞു.
ഡെങ്കിപനി രോഗവും ചികില്‍സയും പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീതു മരിയ ജോസഫ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് വി.എം. രവീന്ദ്രനാഥ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി. റീത്ത അധ്യക്ഷയായി. വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ബെനില ബ്രൂണോ, ആരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് എസ്. രവീന്ദ്രന്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.എസ് രാഘവന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ആരോഗ്യ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.