പ്രളയബാധിതര്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജീവന്‍ പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ലൈവ്‌ലിഹുഡ് റീഹാബിലിറ്റേഷന്‍ ക്രെഡിറ്റ് പ്ലാന്‍ (എല്‍.ആര്‍.സി.പി ) യോഗത്തിലാണ് നിര്‍ദ്ദേശം. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബാങ്കുകള്‍ക്ക് അനുവദിക്കാവുന്ന പരമാവധി തുക ലോണായി നല്‍കണം. കൂടുതല്‍ തുക ആവശ്യപ്പെടുന്നു എന്ന കാരണത്താല്‍ അപേക്ഷകള്‍ തള്ളാന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു. മറ്റ് ലോണുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഉജ്ജീവന്‍ പദ്ധതി പ്രകാരമുള്ള അപേക്ഷകള്‍ക്കും നല്‍കണം. സര്‍ക്കാരിന്റെ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നും ഇക്കാര്യത്തില്‍ ഉദാസീനത കാണിക്കരുതെന്നും ലഭിക്കുന്ന മുഴുവന്‍ അപേക്ഷകളിലും നടപടിയുണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു. വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
