വൈദ്യുത ഉത്പാദനരംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 സ്‌കൂളുകളിലും സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാവാനാണ് പദ്ധതി. സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി മൂന്നരക്കോടി രൂപയാണ് വിനിയോഗിക്കുന്നത്.
നിലവില്‍ നാല് സ്‌കൂളുകളില്‍ ഉത്പാദിപ്പിക്കുന്ന 47 യൂണിറ്റ് വൈദ്യുതി വീതം, കെ.എസ്.ഇ.ബിയുടെ ഓണ്‍ഗ്രിഡിലേക്ക് കൈമാറുന്നുണ്ട്. 27 സ്‌കൂളുകളുകളില്‍ നിന്ന് ഈ മാസം വൈദ്യുതി കൈമാറാന്‍ സാധിക്കും. അവശേഷിക്കുന്ന സ്‌കൂളുകളുടേത് ജൂണ്‍ മാസവും പൂര്‍ത്തീകരിക്കും. സ്‌കൂള്‍ ക്ലാസ് മുറികള്‍ ആധുനികവത്കരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ചാര്‍ജ് നല്‍കാന്‍ പ്രയാസം അനുഭവിക്കുന്ന സ്‌കൂളുകള്‍ക്ക് 25 വര്‍ഷത്തേക്ക് സ്വയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
സ്‌കൂളുകളുടെ വൈദ്യുതി ഉപഭോഗത്തിനു ശേഷവും, അധികമായി നല്കുന്ന വൈദ്യുതിക്കുള്ള പണം എല്ലാ സെപ്റ്റംബറിലും സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കെഎസ്ഇബി കൈമാറും. വൈദ്യുത ഉത്പാദനത്തിലൂടെ ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലേക്ക് ഓരോ വര്‍ഷവും ഒരു പുതിയ വരുമാനം ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി നിര്‍വഹണം കെഎസ്ഇബി എനര്‍ജി സേവിങ്സ് വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ക്ഷേമ പവര്‍ എന്ന കമ്പനിയാണ് കരാര്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലയില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ്കമമിറ്റി ചെയര്‍മാന്‍ മുക്കം മുഹമമദ് , മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങള്‍, കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി.രാധാകൃഷ്ണന്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി.രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു.