സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനായി സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെയും ബാലാവകാശ കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തു. ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍
*സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം ഉണ്ടാകണം.
*ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിലും അലക്ഷ്യമായും വാഹനമോടിച്ചതിനും ശിക്ഷിക്കപ്പെട്ടയാള്‍ ആകരുത്.
* വാഹനത്തിന്റെ വിശദ വിവരങ്ങള്‍ വാഹനത്തിലുണ്ടാകണം.
*വേഗപ്പൂട്ട് നിര്‍ബന്ധമായും ഉണ്ടാകണം.
*കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂളുകളുടേതല്ലാത്ത വാഹനങ്ങളില്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന ബോര്‍ഡുണ്ടാകണം.
*സ്‌കൂള്‍ വാഹനങ്ങളില്‍ ആര്‍.ടി.ഒ, പോലീസ,് ചൈല്‍ഡ് ഹെല്‍്പ് ലൈന്‍, എമര്‍ജന്‍സി ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം.
*എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകന്‍ ട്രാഫിക് നോഡല്‍ ഓഫീസറായി ഉണ്ടാകണം.
*വാഹനത്തില്‍ നിര്‍ബന്ധമായും പ്രഥമ ശുശ്രൂഷാ ബോക്സ് ഉണ്ടാകണം.
*വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ പേരു വിവരങ്ങളും അവര്‍ കയറുന്നതും ഇറങ്ങുന്നതുമായ പോയിന്റുകളുടെ വിവരങ്ങളും വാഹനത്തില്‍ ഉണ്ടാകണം.
* എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഫിറ്റ് ചെയ്യണം.
ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍.
*വാഹനങ്ങളില്‍ പെണ്‍കുട്ടികള്‍ ഒരിക്കലും ഒറ്റയ്ക്കാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
*പെണ്‍കുട്ടികള്‍ മാത്രം യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ സഹായിയായി വനിതകള്‍ തന്നെ ഉണ്ടാകണം.
*സ്‌കൂളുകള്‍ക്കായി മാത്രം ഉപയോഗിക്കുന വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കണം.
*സ്‌കൂള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നെയിം ബോര്‍ഡും യൂണിഫോമും നിര്‍ബന്ധമാക്കണം.
*വാഹനങ്ങളിലെ ഡ്രൈവര്‍മാരുടേയും ജീവനക്കാരുടേയും പശ്ചാത്തലം രക്ഷിതാക്കള്‍ കൂടി പരിശോധിക്കണം.
*നഴ്സറി വിദ്യാര്‍ത്ഥികളെ മറ്റു കുട്ടികള്‍ എത്തുന്നതിനു മുന്‍പ് വാഹനത്തില്‍ കാത്തിരിക്കാന്‍ അനുവദിക്കരുത്.
*വാഹനത്തില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം കുട്ടികളെ ഇരുത്തുന്നത് വിലക്കണം.
*വിവിധ സ്‌കൂളുകളിലെ യാത്രാ സംവിധാനങ്ങള്‍ തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കണം.
വാഹനങ്ങളുടെ യാന്ത്രിക ക്ഷമതയ്ക്കു പുറമേ ഇവയും ശ്രദ്ധിക്കണം:
1. വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമായിരിക്കണം.
2. ലൈറ്റുകള്‍, വൈപ്പര്‍ ബോര്‍ഡുകള്‍, എമര്‍ജന്‍സി ഡോറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ മുതലായവ പ്രവര്‍ത്തനക്ഷമമായിരിക്കണം.
3. കുട്ടികളുടെ ഇരിപ്പിടം സുരക്ഷിതവും പഠന സാമഗ്രികള്‍ സൂക്ഷിക്കുവാനുള്ള സ്ഥലവും ഉണ്ടായിരിക്കണം.
സ്‌കൂള്‍ വാഹനങ്ങളുടെ മഴക്കാലപൂര്‍വ്വ സുരക്ഷാ പരിശോധന നടത്തി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മഴക്കാലപൂര്‍വ്വ സുരക്ഷാ പരിശോധനയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത 12 വാഹനങ്ങള്‍ തകരാറുകള്‍ പരിഹരിച്ച് പുനര്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കി. നൂറോളം വാഹനങ്ങളാണ് മലമ്പുഴ ജലസേചന വകുപ്പിന്റെ കീഴിലുള്ള മൈതാനത്ത് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്ക് ആര്‍.ടി.ഒ ടി.സി വിനേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, അസി എം.വി.ഐ മാരായ സമീര്‍, ഷിബു, പ്രേം നിസാര്‍, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റിക്കര്‍ വിതരണം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ശിവകുമാര്‍ നിര്‍വഹിച്ചു.