കോലഞ്ചേരി: പൂതൃക്ക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആട്ടവും പാട്ടും കളികളിലൂടെയും കുട്ടികൾക്ക് മാലിന്യങ്ങളെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അനുഭവമാക്കി മാറ്റുക, പാഴ് വസ്തുക്കൾ മാലിന്യമായി മാറുന്ന സാഹചര്യം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, മാലിന്യങ്ങളുടെ അളവ് കുറക്കൽ, പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ എന്നീ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക, മാലിന്യവുമായി ബന്ധപ്പെട്ട വിവിധതരം നിയമ ലംഘനങ്ങളെയും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് കുട്ടികളിൽ ധാരണ വളർത്തുകയും നിയമ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷി വളർത്തുകയും ചെയ്യുക, അശ്രദ്ധയോടെയുള്ളതും അശാസ്ത്രീയവുമായ മാലിന്യ പരിപാലനം സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്ന ശീലം വളർത്തുക എന്നിവയാണ് പ്രധാനമായും പെൻസിൽ ക്യാമ്പിന്റെ ലക്ഷ്യങ്ങൾ.

പൂതൃക്ക പഞ്ചായത്ത് വടയമ്പാടി രണ്ടാം വാർഡ് മെമ്പർ ജോൺ കുര്യാക്കോസ് പെൻസിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ റിസോഴ്സ് പേഴ്സണായ സുകുമാരി എം നായർ കുട്ടികൾക്ക് ക്ലാസുകൾ നയിച്ചു. വടയമ്പാടി പത്താംമൈൽ അംഗനവാടിയിൽ വെച്ച് നടന്ന പെൻസിൽ ക്യാമ്പിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു. 11 മുതൽ 18 വയസ്സ് വരെ ആരെ വരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ഫോട്ടോ ക്യാപ്ഷൻ : പൂതൃക്ക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വടയമ്പാടി പത്താംമൈൽ അംഗനവാടിയിൽ വെച്ച് നടന്ന പെൻസിൽ ക്യാമ്പിൽ നിന്ന്