നല്ലമണ്ണ്, നല്ല ജലം, നല്ല വായു എന്ന സന്ദേശവുമായി ഹരിതകേരള മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ തീർക്കുന്നത് വീണ്ടെടുപ്പിന്റെ വിജയഗാഥകൾ. കൂട്ടായ്മയും വകുപ്പ്തല ഏകോപനവും വഴി നദികളും ജലാശയങ്ങളും നീർത്തടങ്ങളും പുനർജനിച്ചതിന്റെ നേർചിത്രങ്ങളായ അവതരണങ്ങൾ ടാഗോർ തീയറ്ററിൽ നടന്ന ജലസംഗമ വേദിയെ ഇന്നലെ ശ്രദ്ധേയമാക്കി. മൂന്ന് വേദികളിലായി നടന്ന അവതരണങ്ങളിൽ നിയമസഭാ സാമാജികർ മുതൽ ജില്ലാ കളക്ടർമാർ വരെ പങ്കെടുത്തു. ‘നദീ പുനരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും’, ‘പ്രാദേശിക ജലസ്രോതസുകളും ജലസുരക്ഷാ പ്ലാനും’, ‘നഗരനീർച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും’ എന്നീ വിഷയങ്ങളിലൂന്നിയാണ് മൂന്നുവേദികളിലായി അവതരണങ്ങൾ നടന്നത്.
വരട്ടാർ, മീനച്ചിലാർ പുനർജ്ജനിച്ച കൂട്ടായ പ്രവർത്തനങ്ങൾ, ജലസ്രോതസുകളെ നിലനിർത്താനുള്ള ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുമെന്ന പ്രത്യാശ വിഷയം അവതരിപ്പിച്ചവർ പങ്കുവെച്ചു. നദികളെയും നീർത്തടങ്ങളെയും നിലനിർത്താൻ കൂട്ടായ തുടർപ്രവർത്തനങ്ങൾ വേണമെന്നും അവർ ഓർമ്മപ്പെടുത്തി.
വെല്ലുവിളി നേരിടുന്ന  നഗരപ്രദേശങ്ങളിലെ നീരുറവകളുടെയും കനാലുകളുടേയും വീണ്ടെടുപ്പ് സാധ്യമാണെന്ന് തെളിഞ്ഞു. മാലിന്യക്കൂമ്പാരമായി ഭൂപടത്തിൽ നിന്നു പോലും മാഞ്ഞു പോകുമായിരുന്ന ഒട്ടേറെ കനാലുകളും ചെറുതോടുകളും വിദ്യാർത്ഥികളും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒത്തു ചേർന്നപ്പോൾ വീണ്ടെടുക്കാനായി. ഇവയിൽ പലതും ബ്രിട്ടീഷ് ഭരണ കാലത്ത് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിന്റെ അവശേഷിപ്പുകളാണുതാനും. ബോംബെ ഐ. ഐ.ടിയുടെയും കിലയുടെയും നേതൃത്വത്തിൽ ആലപ്പുഴയിൽ  ക്യാൻ ആലപ്പി  എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിനിലൂടെ  ചാത്തനാട് കനാലും മുതലപ്പൊഴി കനാലും വീണ്ടെടുക്കാനായി. ഐ. ഐ.ടി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെയുള്ള 330 വിദ്യാർത്ഥികൾ ഈ ഉദ്യമത്തിൽ പങ്കുചേർന്നു.മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ക്യാൻ കുട്ടനാട് എന്ന ക്യാമ്പയിനിലൂടെയാണ് നെടുമുടി കനാൽ വീണ്ടെടുക്കാനായത്. വാർഡ്തല മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ജനപങ്കാളിത്തത്തോടെയാണ് ഫറൂഖ് നഗരസഭയിലെ പെർവൻമാട് തോട് നവീകരിച്ചത്. നവീകരിച്ച തോട്ടിൽ മത്സ്യകൃഷി ആരംഭിക്കാൻ പോകുന്നതും മാതൃകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കനോലി കനാൽ വീണ്ടെടുക്കാൻ ഇരു നഗരസഭകളും വലിയ പങ്കാണ് വഹിച്ചത്. പൊന്നാനിയിലെ നെൽകൃഷി സംരക്ഷണവും ശ്രദ്ധേയമാണ്.  സ്‌കൂളുകളിൽ ജല അസംബ്ലിയും  ജനങ്ങൾക്കിടയിൽ ജലസംരംക്ഷണം മുൻനിർത്തിയുള്ള തെരുവുനാടകങ്ങളും മാജിക്കുമൊക്കെ സംഘടിപ്പിച്ചാണ് കൊയിലാണ്ടി നഗരസഭയിലെ 32 കുളങ്ങൾ വീണ്ടെടുത്തത്. വടകരയിൽ റെയിൽവേ നികത്താൻ തീരുമാനിച്ച റെയിൽവേ കുളവും കോട്ടകുളവും കരിമ്പന തോടുമെല്ലാം ജനപങ്കാളിത്തത്തോടെയാണ് നഗരസഭ വീണ്ടെടുത്തത്.  അന്യം നിന്നു പോകുമായിരുന്ന പുഴകളെ വീണ്ടെടുക്കുന്നതിനൊപ്പം മാലിന്യ നിർമ്മാർജനം കൂടി ഈ കൂട്ടായ്മയിലൂടെ സാധ്യമായി.

കാസർകോട് ജില്ലയിലെ ഏക്കറോളം വരുന്ന തരിശുഭൂമി മുളകൃഷിയിലൂടെ ജൈവവള സമൃദ്ധമാക്കി മാറ്റിയെടുക്കുന്നതും ഒഴുകിപ്പോകുന്ന നദീജലത്തെ ചെറുചാലുകളിലൂടെ കുളങ്ങളിലെത്തിച്ചും ഒഴുകിപ്പാഴാകുന്നത് തടയുന്ന പദ്ധതിയും കാസർകോട് ജില്ലാ കളക്ടർ ഡോ. സജിത്ബാബു അവതരിപ്പിച്ചത് കൈയടി നേടി.
സ്വന്തം മണ്ഡലങ്ങളിൽ നടപ്പാക്കിയ ‘ജലസമൃദ്ധി’, ‘സമൃദ്ധി’ പദ്ധതികൾ ഒരു നാടിനെ എങ്ങനെ ജലസുഭിക്ഷമാക്കുന്നുവെന്ന അവതരണവുമായാണ് യഥാക്രമം കാട്ടാക്കടയിൽനിന്ന് ഐ.ബി. സതീഷ് എം.എൽ.എയും, തളിപ്പറമ്പിൽനിന്ന് ജെയിംസ് മാത്യു എം.എൽ.എയും ജലസംഗമത്തിനെത്തിയത്.
കള്ളൻമാരെ മാത്രമല്ല ജലത്തെയും ‘അറസ്റ്റ്’ ചെയ്ത് നിർത്തി എങ്ങനെ ക്രിയാത്മകമായി ഉപയോഗിച്ചു എന്നു വിശദീകരിച്ചത് കാസർകോട് ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടും, പാലക്കാട് മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയനിലെ അസി. കമാൻഡന്റുമാണ്. കണ്ണൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുകൾ, എറണാകുളം ജില്ലാ ഭരണകൂടം, വിവിധ പഞ്ചായത്തുകൾ തുടങ്ങിയവർ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ, കവിയൂർ പുഞ്ച വീണ്ടെടുത്തത് തുടങ്ങിയവ വിവിധതരം പ്രായോഗിക വിജയഗാഥകളുടെ അനുഭവ സാക്ഷ്യങ്ങളായി. ചെലവുകുറഞ്ഞ ജലശേഖരമാർഗങ്ങൾ, കുളങ്ങൾ വീണ്ടെടുത്ത കഥകൾ, പുതിയ കുളങ്ങൾ സൃഷ്ടിച്ചത്, തടയണകൾ, മഴക്കുഴികൾ തുടങ്ങി കേരളമാകെ നടക്കുന്ന നിശബ്ദ വിപ്ലവത്തിന്റെ നേരറിവുകളാണ് വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദഗ്ധർക്കു മുന്നിൽ അവതരിപ്പിച്ചത്.
അവതരണങ്ങൾ മുഴുവൻ കേട്ട ശേഷം വൈകുന്നേരം അഞ്ചുമുതൽ വിദഗ്ധർ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ജലസംഗമപ്രതിനിധികളോട് പങ്കുവെച്ചു.

ഡോ. നീനാ ഐസക് (സയൻറിസ്റ്റ്, സി.ഡബ്‌ളിയു.പി.ആർ.എസ് പൂനെ), ഡോ.പി. ആതിര (ഐ.ഐ.ടി പാലക്കാട്), ഡോ. വി.പി. ദിനേശൻ (സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ്, സി.ഡബ്‌ളിയു.ആർ.ഡി.എം), രാജീവ് സിംഗാൾ (ഡയറക്ടർ, ഡി.എസ്.എം, കേന്ദ്ര ജല കമ്മീഷൻ), സുധീർ പടിക്കൽ (ഇ.ഇ, ജോയിൻറ് വാട്ടർ റെഗുലേഷൻ ഡിവിഷൻ), സുജ (അസോ. പ്രൊഫസർ, ജി.ഇ.സി, ബാർട്ടൺഹിൽ), വിനോദ് താരെ (പ്രൊഫസർ, ഐ.ഐ.ടി കാൻപൂർ), പ്രദീപ്കുമാർ (ബയോസ്റ്റാർട്ടസ് വെഞ്ചേഴ്‌സ്), പങ്കജ്കുമാർ ശർമ (ഡയറക്ടർ ആർ.ഡി-2, കേന്ദ്ര ജല കമ്മീഷൻ), ഡോ. ദീപു (സയൻറിസ്റ്റ്, സി.ഡബ്‌ളിയു.ആർ.ഡി.എം), മധുലിക ചൗധരി (പരിസ്ഥിതി പ്രവർത്തക), മനോജ് കെ. ജെയിൻ (ഹൈഡ്രോളജി വിഭാഗം മേധാവി, ഐ.ഐ.ടി റൂർക്കി), ഡോ. സജിത് ബാബു (കാസർകോട് ജില്ലാ കളക്ടർ), ഡോ. ടി. എൽദോ (ഐ.ഐ.ടി ബോംബേ), അശുതോഷ് ഭട്ട് (മാനേജർ, വാട്ടർ റിസോഴ്‌സസ് സസ്റ്റയിനബിലിറ്റി, ഗ്രാമവികാസ്), ഡോ. അനിതാ എ.ബി (എക്‌സിക്യൂട്ടീവ് ഡയറക്ടർ, സി.ഡബ്‌ളിയു.ആർ.ഡി.എം), സുനിൽകുമാർ (ഡയറക്ടർ,ബി.പി, കേന്ദ്ര ജല കമ്മീഷൻ), ജയാ പി. നായർ (സൂപ്രണ്ടിംഗ് എഞ്ചിനീയർ, എം.വി.ഐ.പി പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ), ജോയ് കെ.ജെ (സൊസൈറ്റി ഫോർ പ്രൊമോട്ടിംഗ് ഇക്കോസിസ്റ്റം മാനേജ്‌മെൻറ്) എന്നീ വിദഗ്ധരാണ് അവതരണങ്ങൾ കേട്ടശേഷം അവലോകനങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്.