കാക്കനാട്: ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതൽ സ്പർശം കൈ കോർക്കാം കുട്ടികൾക്കായ്’ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ചുള്ള സമഗ്ര പദ്ധതിയാണ് കരുതൽ സ്പർശം. കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതിലുപരി അവരുടെ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്വന്തം അമ്മയുടെ അടുത്ത് പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായേ തീരൂ. കുട്ടികളെ കുറ്റപ്പെടുത്തുന്നവരെക്കാൾ അവരെ പ്രോത്സാഹിപ്പിക്കുന്നവർ ആയിരിക്കണം മാതാപിതാക്കൾ. കുട്ടികളുടെ സംരക്ഷണമായിരിക്കണം സമൂഹത്തിന്റെ ലക്ഷ്യം. പ്രായോഗികമായ സമീപനമാണ് ഇതിനു വേണ്ടത്. ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇത്തരം പ്രവർത്തനങ്ങൾക്കായി എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാതലം മുതൽ പഞ്ചായത്ത് തലം വരെ ക്യാമ്പെയിനുകൾ സംഘടിപ്പിക്കും. നവംബർ 14 വരെ നീണ്ടു നിൽക്കുന്ന ആറ് മാസമാണ് ക്യാമ്പെയിൻ നടത്തുന്നത്. സ്പെഷ്യൽ ജുവനയിൽ പോലീസ് യൂണിറ്റ്, ചൈൽഡ് ലൈൻ, എക്സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ്, ഐ.സി.ഡി.എസ്, പോലീസ്, വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പെയിൻ നടക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളിൽ, കുട്ടികളുടെ അവകാശ സംരക്ഷണം, ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. എറണാകുളം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ ത്വൽഹത്ത് പി.എം, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ. എം.പി ആന്റണി, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. സി.ജെ ജോൺ എന്നിവർ സെമിനാറുകൾ നയിച്ചു.

എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൈന കെ.ബി, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ ദീപ എം.എസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡോ. പി. എസ് രഘൂത്തമൻ എന്നിവർ സംസാരിച്ചു.