മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത  ചലച്ചിത്ര പുരസ്കാരമാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് 2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സമ്മാനിക്കും.

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരുന്നു. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.

എം.ജി.ആര്‍ നായകനായ ‘പാശം’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ല്‍ പി. ഭാസ്കരന്‍ സംവിധാനം ചെയ്ത ‘ഭാഗ്യജാതക’ത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഷീല പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യപുരസ്കാരം നേടിയത് ഷീലയാണ്. 1969ല്‍ ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. 1971ല്‍ ഒരു പെണ്ണിന്‍െറ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 1976ല്‍ ‘അനുഭവം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മൂന്നാം തവണയും ഇതേ അംഗീകാരം ഷീലയെ തേടിയത്തെി. 2004ല്‍ ‘അകലെ’ എന്ന ചിത്രത്തിലെ മാര്‍ഗരറ്റ് എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും ഷീല കരസ്ഥമാക്കിയിരുന്നു. ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളില്‍ ഷീല അഭിനയിച്ചിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താല്‍ക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി.  2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി ശക്തമായ തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ‘ഒന്നു ചിരിക്കൂ’ എന്ന ചിത്രത്തിന്‍െറ കഥ ഷീലയുടേതാണ്. ‘കുയിലിന്‍െറ കൂട്’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.