കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 42 പേരാണ് ക്യാമ്പിലുള്ളത്. കടലുണ്ടിയില്‍ കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മള്‍ട്ടി ഡിസിപ്ലിനറി സ്പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചവരേയും ക്യാമ്പിലേക്ക് മാറ്റി. താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.
കൊയിലാണ്ടി താലൂക്കിലെ പാലേരിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ക്യാമ്പുകള്‍ ഏത് നിമിഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് രേഖ.എം അറിയിച്ചു. ഇതിനായി എല്ലാ വില്ലേജുകളിലെയും സ്‌കൂളുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കടല്‍ഭിത്തി ബലപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യു.എല്‍.സി.സി.യുടെ നേതൃത്വത്തിലാണ് നടത്തുന്നത്. വടകര താലൂക്കിലെ വേളത്ത് വീടിന് ഭാഗിക തകരാര്‍ സംഭവിച്ചു. താമരശ്ശേരി താലൂക്കിലെ നെല്ലിപ്പൊയില്‍ വില്ലേജില്‍ കനത്ത മഴയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. വടകരയിലും താമരശ്ശേരിയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077