പിറവം: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി മാതൃകാപരമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നാലാം തവണയും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ബ്ലോക്ക് മോഡൽ അഗ്രോ സെന്ററിന് കീഴിലെ ഗ്രീൻ ആർമിയുടെ സഹായത്തോടെയാണ് ജൈവകൃഷി ഒരുക്കുന്നത്.
വിവിധ പച്ചക്കറി കൃഷിക്ക് പുറമേ വാഴ കൃഷിയും ഇക്കുറി പദ്ധതിക്ക് കീഴിൽ ഒരുക്കുന്നു. കെട്ടിടങ്ങൾക്ക് മുകളിലും ഓഫീസ് പരിസരത്തുമായാണ് കൃഷി ചെയ്യുന്നത്. എല്ലാ വീടുകളിലും ഓണത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് കീഴിൽ ബ്ലോക്കിൽ 23000 പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന മലർവാടി ഹൈടെക് നഴ്സറി, കാക്കൂർ അഗ്രോ സർവീസ് സെന്റെർ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്.
നടീൽ പ്രായമെത്തിയ അത്യുത്പാദന ശേഷിയുള്ള 80000 പച്ചക്കറി തൈകളാണ് വിതരണത്തിന് തയ്യാറാകുന്നത്. പയർ, വെണ്ട, വഴുതന, തക്കാളി, മുളക്, പടവലം, ചീര എന്നിവയുടെ തൈകളാണ് വിതരണത്തിനായി എത്തുന്നത്. ജൈവ കൃഷി വ്യാപനം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കോ ഷോപ്പ് വഴി കുറഞ്ഞ ചെലവിൽ ജൈവ വളം, കീടനാശിനി, കൃഷി ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്. കൃഷി വ്യാപനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന വിത്ത്, കൃഷി ഉപകരണ വിതരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
മോഡൽ അഗ്രോ സെന്റെറിൽ തൈ ഒന്നിന് 2.50 രൂപ നിരക്കിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നുണ്ട്. മികച്ച ഇനം തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ആവശ്യക്കാർക്ക് അടുക്കള തോട്ടം ഒരുക്കാൻ ഗ്രീൻ ആർമി പ്രവർത്തകരുടെ സേവനം ലഭ്യമാണ്. പുല്ല് വെട്ടുന്ന യന്ത്രം മുതൽ തെങ്ങിന് തടം എടുക്കുന്ന യന്ത്രവും ആധുനിക കൊയ്ത് മെതി യന്ത്രവുമെല്ലാമുള്ള മികച്ച പരിശീലനം നേടിയ 29 അംഗ കാർഷിക കർമ്മ സേനയാണ് കൃഷി വ്യാപനത്തിനായി പ്രവർത്തിക്കുന്നത്. വിവിധ തരം ആധുനിക കൃഷി രീതികളും സെന്ററിന്റെ കീഴിൽ നടക്കുന്നുണ്ട്.
ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായുള്ള ജൈവ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ജയ ബിജുമോൻ, ശ്യാമള ഗോപാലൻ, വി.സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.കെ കുട്ടപ്പൻ, രമ കെ.എൻ, ഉഷ ശ്രീകുമാർ, ബിന്ദു സിബി, കെ. ജി ഷിബു, സന്തോഷ് കോരപ്പിള്ള, ലില്ലി ജോയി, ജിൻസൺ വി. പോൾ, സെക്രട്ടറി ബൈജു ടി. പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജി എലിസബത്ത്, മോഡൽ അഗ്രോ സെന്റെർ ഫെസിലിറ്റേറ്റർ വി.സി മാത്യു എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ
ഓണത്തിന് ഒരുമുറം പച്ചക്കറിയുടെ പാമ്പാക്കുട ബ്ലോക്ക്തല പ്രവർത്തനത്തിന്റെ ഭാഗമായുള്ള ജൈവ കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവ്വഹിക്കുന്നു.