കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്ത്, ഏഴിക്കര ഗ്രാമ പഞ്ചായത്ത്, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസരിസ് സിറ്റി, കാൻസർ ഫൗണ്ടേഷൻ, ഇടപ്പള്ളി അമൃത ആശുപത്രി എന്നിവയുടെയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഏഴിക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വീടുകൾ തോറും ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിൽ നിന്നും ആപത് സൂചനകൾ ഉള്ളതായി കണ്ടെത്തിയവരാണ് ക്യാമ്പിൽ പങ്കെടുത്തത്. മാമോഗ്രാം പരിശോധന സൗകര്യമുള്ള വാഹനം ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന് അതിലാണ് തൽസമയ പരിശോധനകൾ നടത്തിയത്.
ജൂലൈ ഒന്ന്, രണ്ട് തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ഉഷ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം സ്മേര, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. പ്രീതി ബി, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസരിസ് സിറ്റി പ്രസിഡന്റ് ടി.എം നിസാർ, കാൻസർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷീല എബ്രഹാം, ബെന്നി സക്കറിയ, ഡോ. സി.എം രാധാകൃഷ്ണൻ, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു