ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ കൊല്ലം ജില്ലയിലെ തീരദേശമേഖലയിലും  വ്യാപക കൃഷിനാശം സംഭവിച്ച ചെമ്പനരുവിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം  ഇന്നലെ(ഡിസംബര്‍ 28) സന്ദര്‍ശനം നടത്തി.
ഇരവിപുരം, മുതാക്കര ചെമ്പനരുവി ഒരേക്കര്‍ കോളനി എന്നിവിടങ്ങളിലാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്ക്, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തര വകുപ്പ് ടെക്‌നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരുള്‍പ്പെട്ട സംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയത്.
കാപ്പില്‍ പാലത്തിനു സമീപം ജില്ലാ കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, സബ് കളക്ടര്‍ ഡോ. എസ് ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘത്തെ സ്വീകരിച്ചു. കടലാക്രമണംമൂലം തീരം ഇടിഞ്ഞ ഇരിവിപുരത്തായിരുന്നു ആദ്യ സന്ദര്‍ശനം. എം. നൗഷാദ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് നാട്ടുകാര്‍ സംഘത്തോടു വിവരിച്ചു.
മൂതാക്കര ഹാര്‍ബറില്‍ എം. മുകേഷ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ബോട്ടുടമാ സംഘം ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ കേന്ദ്ര ഉദ്യോഗസ്ഥര്‍ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളികളോടും സംസാരിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി മത്സ്യബന്ധനം നടത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംഘത്തലവന്‍ ബിപിന്‍ മല്ലിക്ക് വിശദമാക്കി. മത്സ്യബന്ധനത്തിന് പുറമെ മറ്റു തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം നേടാന്‍ മത്സ്യത്തൊഴിലാളികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കൊല്ലം ബീച്ച് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രകൃതിക്ഷോഭം മൂലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ സ്ഥിതിവിവരക്കണക്കുകളും സുരക്ഷാ ക്രമീകരണങ്ങള്‍, തുടര്‍ നടപടികള്‍ സംബന്ധിച്ച പദ്ധതികള്‍ എന്നിവയുടങ്ങുന്ന റിപ്പോര്‍ട്ട് കളക്ടര്‍ സംഘത്തിന് സമര്‍പ്പിച്ചു.
തുടര്‍ന്ന് സംഘാംഗങ്ങളായ ഡോ. സഞ്ജയ് പാണ്ഡെയും ഓംപ്രകാശും ചെമ്പനരുവി ഒരേക്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി. വാഴ, റബര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയിടങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ശശികല, വൈസ് പ്രസിഡന്റ് എ. റഷീദ് തുടങ്ങിയവരും മേഖലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമാക്കി.
ജില്ലയില്‍ ആകെ 83.27 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് ജില്ലാ ഭരണകൂടം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.  മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍  60 ലക്ഷം രൂപ വേണം.  മരിച്ചെന്ന് കരുതപ്പെടുന്ന 13 പേരുടെയും കുടുംബങ്ങള്‍ക്ക്  2.60 കോടി രൂപ നല്‍കേണ്ടതുണ്ട്. ഗുരുതരമായി പരിക്കേറ്റ  62 പേര്‍ക്ക് 1.24 കോടി രൂപ, അടിയന്തര സഹായത്തിന് മത്സ്യബന്ധന മേഖലയിലടക്കമുള്ള 14,699 പേര്‍ക്ക് 2.94 കോടി രൂപ,  ആശ്വാസ സഹായധനം – 3.48 കോടി രൂപ, താത്കാലിക പുനരധിവാസ പ്രവര്‍ത്തനം – അഞ്ചു ലക്ഷം രൂപ, പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലേതടക്കം കൃഷിനാശം – 23.21 കോടി രൂപ,  ഫിഷറീസ് മേഖലയില്‍ മത്സ്യബന്ധന യാനങ്ങളുടെ അറ്റകുറ്റപ്പണി – 6.19 കോടി രൂപ, മുഴുവന്‍ തകര്‍ന്നവ ഉള്‍പ്പെടെയുള്ള വീടുകള്‍ക്ക് 13.75 കോടി രൂപ, കന്നുകാലികള്‍ നഷ്ടമായവര്‍ക്ക് – 18000 രൂപ, പൊതുകെട്ടിടങ്ങളുടെ കേടുപാടുകള്‍ – 1.92 കോടി രൂപ, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ – 15.53 കോടി രൂപ, കടല്‍ഭിത്തി – 8.75 കോടി രൂപ, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ – 2.99 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടത്തിന്റെ കണക്ക്.