ആലുവ: പ്രളയക്കെടുതിയെ അതിജീവിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയായി ചൂർണിക്കരയിലെ കർഷകരുടെ വിജയഗാഥ. 2018 ആഗസ്റ്റിലെ പ്രളയത്തിൽ മുങ്ങിപ്പോയ പ്രദേശങ്ങളിലൊന്നായിരുന്നു ചൂർണിക്കര. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച പ്രളയത്തെ വകവെക്കാതെ പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും സഹകരണത്തോടെ മുന്നേറുകയാണ് ചൂർണ്ണിക്കരയിലെ കർഷകർ. കൃഷി നാശത്തെ ചെറുക്കാനും കർഷകർക്ക് താങ്ങാകാനും ചൂർണിക്കര പാക്കേജ് എന്ന പദ്ധതി പഞ്ചായത്തും കൃഷിഭവനും വിജയകരമായി നടപ്പിലാക്കി. വനിതാ കർഷകർക്ക് കൂൺകൃഷിയിൽ പ്രത്യേക പരിശീലനം നൽകി വിജയകരമാക്കിയതിനും ചൂർണിക്കരയിലേക്ക് അഭിനന്ദനം ഒഴുകിയെത്തുകയാണ്.
*ചൂർണ്ണിക്കര പാക്കേജ്*
പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞ് കൂടിയ ‘എക്കൽ’ ആയിരുന്നു പ്രളയാനന്തരം ചൂർണ്ണിക്കരയിലെ കർഷകരുടെ “സമ്പാദ്യം ” . അടിഞ്ഞ് കൂടിയ എക്കൽ, കൃഷിക്ക് എങ്ങനെ ഫലപ്രദമാക്കാമെന്ന ആശയത്തിൽ നിന്നാണ് ചൂർണിക്കര പാക്കേജ് എന്ന പദ്ധതി ഉടലെടുത്തത്.
അടിഞ്ഞ് കൂടിയ എക്കലിൽ പല മൂലകങ്ങളുടെയും അളവ് കൂടിയത് കൃഷിക്ക് ദോഷകരമായേക്കാം എന്ന നിഗമനത്തിൽ പ്രദേശത്തെ മണ്ണ് ശാസ്ത്രീയ പഠനത്തിന് വിധേയമാക്കി. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെയും ,കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞർ ചൂർണിക്കരയിലെത്തിയാണ് പഠനം നടത്തിയത്.
എക്കൽ അടിഞ്ഞു കൃഷിഭൂമിയിൽ കുറവുള്ള മൂലകങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തി അത് നൽകി വിളവെടുപ്പ് സാധ്യമാക്കാനാണ് ചൂർണിക്കര പാക്കേജ് ലക്ഷ്യമിട്ടത്. പഞ്ചായത്തിന്റെ വിവിധ ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവയിൽ നിന്ന് അനുവദിച്ച തുക കൊണ്ട് പദ്ധതി വിജയകരമായി നടപ്പിലാക്കി. ചീര, മത്തൻ, പയർ, വെണ്ട തുടങ്ങിയ പച്ചക്കറികളും ഏത്തവാഴയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രളയ ദുരിതത്തിൽ കഷ്ടപ്പെടുന്ന കർഷകർക്ക് കരകയറാൻ വിത്തും വളവും കൃഷിഭവനിൽ നിന്ന് സൗജന്യമായി നൽകി. നിലമൊരുക്കുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള ചെലവിന്റെ 90 ശതമാനം സബ്സിഡി കാലി കർഷകർക്ക് നൽകി. കൂടാതെ വിളവെടുത്ത ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ‘ഗ്രീൻ മാർക്കറ്റ് ‘ എന്ന സംവിധാനവും ഏർപ്പെടുത്തി. ഉപഭോക്താവ് തോട്ടത്തിൽ എത്തിയാൽ ആവശ്യാനുസരണം നേരിട്ട് വിളവെടുത്ത് നൽകുന്ന രീതിയാണ് ഗ്രീൻ മാർക്കറ്റിൽ പിൻതുടരുന്നത്. ഒത്തൊരുമയും പ്രയത്നവും കൊണ്ട് പ്രളയത്തെ തോൽപ്പിച്ച് കർഷകർ കരകയറി.
*വനിതകൾ ഏറ്റെടുത്ത കൂൺകൃഷി*
കൂണ്‍ കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ചൂര്‍ണിക്കരയിലെ ഒരു കൂട്ടം വനിതകള്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ കൂണ്‍ കൃഷിയാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തും കൃഷി ഭവനും ഒത്തൊരുമിച്ചതോടെ ‘ചൂര്‍ണിക്കര കൂണ്‍’ എന്ന പേരില്‍ വനിത കര്‍ഷര്‍ ഉദ്പാദിപ്പിക്കുന്ന കൂണ്‍ വിപണിയിൽ വൻതോതിൽ വിറ്റഴിച്ചു.
സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലേക്ക് അമ്പത് യൂണിറ്റാണ് അനുവദിച്ചത്. അതില്‍ ചൂര്‍ണിക്കര കൃഷിഭവന്‍ 20 യൂണിറ്റെടുക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കടന്ന് വന്ന പ്രളയം ഇവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. പ്രളയത്തില്‍ 18 വാര്‍ഡുകളുളള ചൂര്‍ണിക്കരയിലെ 16 വാര്‍ഡുകളും മുങ്ങി. ഇതിനെ തുടര്‍ന്ന് 20 യൂണിറ്റുകളായി തുടങ്ങാനിരുന്ന കൂണ്‍കൃഷി 11 യൂണിറ്റായി ചുരുക്കി. പഞ്ചായത്തിലെ 10 വനിതാ കര്‍ഷകരാണ് ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നതിനായി മുന്നോട്ട് വന്നത്.
അവരവരുടെ വീടുകളിലുളള സൗകര്യമാണ് കൃഷിക്കായി പ്രയോജനപ്പെടുത്തിയത്. കര്‍ഷകരെ തിരഞ്ഞെടുത്ത ശേഷം കൃഷിഭവന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കിയാണ് ഇവരെ കൃഷിക്ക് സജ്ജമാക്കിയത്. എരമല്ലൂരിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്. പരിശീലനത്തിന് ശേഷം കൃഷിയാരംഭിക്കുന്നതിന് മുന്നോടിയായി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൃഷി ഭവനില്‍ യോഗം ചേര്‍ന്നു. അറക്കപ്പൊടി, വൈക്കോല്‍ എന്നിവയാണ് അത്യാവശ്യമായി വേണ്ടിയിരുന്ന അസംസ്‌കൃത വസ്തുക്കള്‍. ഇതില്‍ അറക്കപ്പൊടി തടി വ്യവസായിത്തിന് പേര് കേട്ട പെരുമ്പാവൂരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നടക്കം വിത്തുകളും എത്തിച്ചു. ഇതിന് ശേഷം കൃഷിയാരംഭിക്കുകയായിരുന്നു. പ്ലൂറോട്ടസ് ഫ്ളോറിഡ, പ്ലൂറോട്ടസ് ഇയോസ എന്നീ വിഭാഗത്തില്‍പ്പെട്ട കൂണുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവ യഥാക്രമം വെള്ള, പിങ്ക് എന്നീ നിറത്തിലുള്ളവയാണ്.
100 ബഡുകളടങ്ങിയ 11 യൂണിറ്റുകളിലായി മൊത്തം 1100 ബഡുകളിലാണ് കൂണ്‍ കൃഷി ആരംഭിച്ചിട്ടുള്ളത്. ഇപ്രകാരം ദിവസവും 10 കിലോഗ്രാം ചിപ്പിക്കൂണ്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ 20 കിലോയോളം ഉല്‍പാദനം നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏ.പി ഉദയകുമാര്‍ പറഞ്ഞു. ഉല്‍പാദനം ആരംഭിച്ചതോടെയാണ് ഇതിന്റെ വിപണന സാധ്യതയെ കൂറിച്ച് ചര്‍ച്ച ഉയര്‍ന്നത്. മാര്‍ക്കറ്റുകളില്‍ വിപണന സാധ്യത ഏറെയുണ്ടെങ്കിലും അവര്‍ ആവശ്യപ്പെടുന്ന അളവില്‍ കൂണ്‍ എല്ലാ ദിവസവും എത്തിക്കുക പ്രയാസമാകുമെന്ന ആശങ്ക ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. കാലാവസ്ഥയെ അനുസരിച്ചാണ് ഇതിന്റെ ഉല്‍പാദനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ഇത് മാര്‍ക്കറ്റ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഉല്‍പാദിപ്പിക്കുന്ന കൂണ്‍ സ്വന്തം നിലയില്‍ വിപണിയിലിറക്കാന്‍ കര്‍ഷകരും പഞ്ചായത്ത് കൃഷി ഭവന്‍ അധികൃതരും തീരുമാനിക്കുകയായിരുന്നു. ഇതോടെ ചൂര്‍ണിക്കര കൂണ്‍ എന്ന പേരില്‍ പാക്കറ്റുകളിലാക്കി കൂണ്‍ വിപണിയിലിറക്കി.
പദ്ധതിക്കായി ഓരോ കര്‍ഷകനും മൊത്തം ചെലവായ തുകയുടെ 40 ശതമാനം സബ്സിഡിയായി കൃഷിഭവന്‍ മുഖേന നല്‍കും.ആദ്യ ഘട്ട കൃഷി വിജയമായതോടെ കൂണ്‍ കൃഷിക്ക് താത്പര്യം പ്രകടിപ്പിച്ച് ഇപ്പോള്‍ നിരവധി പേരാണെത്തുന്നത്.