2018-19 സാമ്പത്തിക വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ വയനാട് ജില്ലയ്ക്ക് ചരിത്ര നേട്ടം. ലഭ്യമായ 400.1303 കോടി രൂപയിൽ 88.78 ശതമാനവും വിനിയോഗിച്ച് സംസ്ഥാനതലത്തിൽ ജില്ല രണ്ടാം സ്ഥാനവും ജില്ലാ പഞ്ചായത്ത് തലത്തിൽ 98.41 ശതമാനം ഫണ്ട് വിനിയോഗിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

തുക വിനിയോഗത്തിൽ 2017-18 സാമ്പത്തിക വർഷം ജില്ല ഏറ്റവും പിന്നിൽ 14-ാം സ്ഥാനാത്തായിരുന്നു. ഇവിടെ നിന്നാണ് സംസ്ഥാന തലത്തിൽ തന്നെ ആദ്യ സ്ഥാനങ്ങളിലെത്താൻ വയനാടിനു സാധ്യമായത്. നഗരസഭകളിൽ 94.8 ശതമാനം ഫണ്ട് വിനിയോഗിച്ച കൽപ്പറ്റ നഗരസഭ സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനവും കൈവരിച്ചു.

2019-20 സാമ്പത്തിക വർഷത്തെ പദ്ധതി തുക വിനിയോഗത്തിൽ ജില്ല ഇതുവരെ 11.13 ശതമാനം ചെലവാക്കി അഞ്ചാം സ്ഥാനത്തുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എന്നി സ്ഥാപനങ്ങൾ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തോടടുക്കുമ്പോൾ പദ്ധതി വിനിയോഗത്തിനായി 20 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്.

2018-19 സാമ്പത്തിക വർഷം ജില്ലയിൽ 90 ശതമാനത്തിൽ കൂടുതൽ തുക വിനിയോഗിച്ചത് ഒൻപത് തദ്ദേശ സ്ഥാപനങ്ങളാണ്. നഗരസഭകൾ 89.14 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 84.41 ശതമാനവും ഗ്രാമപഞ്ചായത്തുകൾ 88.78 ശതമാനവും തുക വിനിയോഗിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനം – ആകെ അടങ്കൽ തുക – ചെലവഴിച്ച തുക (ലക്ഷത്തിൽ) – ശതമാനം എന്നി ക്രമത്തിൽ
1. ജില്ലാ പഞ്ചായത്ത് – 3793.13 – 3732.75 – 98.41
2. കൽപ്പറ്റ നഗരസഭ – 1099.39 – 1043.17 – 94.89
3. സുൽത്താൻ ബത്തേരി നഗരസഭ – 729.40 – 666.70 – 91.40
4. പൂതാടി ഗ്രാമപഞ്ചായത്ത് – 770.08 – 749.95 – 97.39
5. എടവക ഗ്രാമപഞ്ചായത്ത് – 447.33 – 425.33 – 95.08
6. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് – 412.53 – 389.39 – 94.39
7. തരിയോട് ഗ്രാമപഞ്ചായത്ത് – 249.98 – 233.53 – 93.42
8. പൊഴുതന ഗ്രാമപഞ്ചായത്ത് – 386.22 – 360.41 – 93.32
9. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് – 494.22 – 451.65 – 91.39