*ഹൈക്കോടതിയിലെ 42 സീനിയർ ഗവ. പ്ലീഡർമാരുടെ കാലാവധി 28-07-2019 തീയതി മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

*സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരുടെ നിയമന കാലാവധി 23-07-2019 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി കാലാവധി ദീർഘിപ്പിച്ചു നൽകാൻ തീരുമാനിച്ചു.

*വനിതാ പോലീസ് സ്റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസറഗോഡ് എന്നീ റവന്യൂ ജില്ലകളിൽ ഓരോ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കും. അതിനായി സി.ഐ – 1, എസ്.ഐ – 2, വനിതാ സീനിയർ സി.പി.ഒ – 5, വനിതാ സി.പി.ഒ – 10, ഡ്രൈവർ പി.സി – 1 എന്നിങ്ങനെ 19 തസ്തികകൾ പുതുതായി സൃഷ്ടിക്കും. ഇതിൽ 1 എസ്.ഐ, 3 സീനിയർ വനിതാ സി.പി.ഒ, 10 വനിതാ സി.പി.ഒ എന്നീ തസ്തികകൾ പുനർവിന്യാസത്തിലൂടെ ആയിരിക്കും.

*ഓഖി ദുരന്തത്തിൽ തിരുവനന്തപുരം ജില്ലയിൽ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളിൽ ഭൂരഹിത/ ഭവനരഹിതരായ 32 പേർക്ക് ഭൂമി വാങ്ങി ഭവനം നിർമ്മിക്കുന്നതിനും ഭവനരഹിതരായ 6 പേർക്ക് ഭവനനിർമ്മാണത്തിനുമായി 3.44 കോടി രൂപ ഓഖി ഫണ്ടിൽ നിന്നും ഭവന പദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയിൽ ബാക്കിയുള്ള തുകയിൽ നിന്നും അനുവദിക്കും.

*നിപ്പാ വൈറസ് ബാധയുടെ ഇൻഡക്‌സ് കേസായി മരണപ്പെട്ട സാബിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.

*സംസ്ഥാനത്തെ 13 എൽ.എ ജനറൽ ഓഫീസുകളിൽ ഉൾപ്പെട്ട 318 തസ്തികകൾക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

*മലബാർ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം, ഭൂവുടമസ്ഥന് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താതെ, സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനുള്ള നിയമം രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ ഓർഡിനൻസായി പുറപ്പെടുവിക്കാൻ അനുവാദം നൽകാൻ തീരുമാനിച്ചു.

*അനിയന്ത്രിത ഖനനം തടയുന്നതിനും സർക്കാരിന് റോയൽറ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട സാമ്പത്തിക വരുമാനം ഉറപ്പുവരുത്തുന്നതിനുമായി മലബാർ പ്രദേശത്തെ ധാതുസമ്പത്തിന്റെ അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്.

*മലബാർ ക്യാൻസർ സെന്ററിലെ നോൺ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിക്കും. അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിച്ച് ലക്ചറർ തസ്തികകൾക്കു കൂടി ശമ്പള പരിഷ്‌കരണം അനുവദിക്കും. നഴ്‌സിംഗ് അസിസ്റ്റന്റുമാർക്ക് ധനകാര്യ വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി പുതുക്കിയ ശമ്പള സ്‌കെയിൽ അനുവദിക്കാനും തീരുമാനിച്ചു.

*സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ (എസ്.സി.ഇ.ആർ.ടി) അക്കാദമിക് വിഭാഗത്തിൽ നേരിട്ട് നിയമനം ലഭിച്ച 6 ജീവനക്കാർക്ക് നിലവിലുള്ള ശമ്പള സ്‌കെയിൽ, സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെയിന്റനൻസ്, റിപ്പയർ ആന്റ് ഓവർഹോൾ (എം.ആർ.ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റൺവെ വികസനത്തിനും സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എം.ആർ.ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കുന്നതിനും ചരിവ് നൽകുന്നതിനുമായി 23 ഏക്കറും റൺവെയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിന് 25 ഏക്കർ ഭൂമിയും ഉൾപ്പെടെ മൊത്തം 108 ഏക്കർ ഭൂമി കിൻഫ്ര മുഖേന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു.

*എറണാകുളം വടക്കേക്കോട്ടയിൽ മെട്രോ സ്റ്റേഷൻ നിർമിക്കുന്നതിനും സ്റ്റേഷൻ പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.