* വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ്

* അന്തര്‍സംസ്ഥാന ചരക്ക് നീക്കം സുഗമമാകും

വാമനപുരം നിയോജകമണ്ഡലത്തിലെ ചെല്ലഞ്ചി, ചിപ്പന്‍ചിറ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ഇതോടെ വര്‍ക്കലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്കുള്ള യാത്ര സുഗമമാകും. 14.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ആകെ 148.24 മീറ്റര്‍ നീളമാണ് ചെല്ലഞ്ചി പാലത്തിനുള്ളത്. 7.5 മീറ്റര്‍ വീതിയുള്ള നടപ്പാതകളും പാലത്തിനോടു ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എല്‍.ബി.എസ് ശാസ്ത്രസാങ്കേതിക കേന്ദ്രമാണ് പാലം രൂപകല്‍പ്പന ചെയ്തത്. വര്‍ക്കല, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ നിന്നും പാലോട്, വിതുര, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും സമീപപ്രദേശങ്ങളായ കല്ലറ, പാങ്ങോട്, പനവൂര്‍, പുല്ലമ്പാറ, പെരിങ്ങമ്മല, നന്ദിയോട് നിവാസികള്‍ക്കും ഈ പാലം വളരെ പ്രയോജനകരമാണ്.

————————————————————-ചെല്ലഞ്ചിപാലം————————————————————–

തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോടിനു സമീപം ചിപ്പന്‍ചിറയില്‍ നിര്‍മിച്ച പാലത്തിന് 6.97 കോടി രൂപയാണ് ആകെ നിര്‍മാണചെലവ്.  51 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും 1.50 മീറ്റര്‍ വീതം വീതിയുള്ള നടപ്പാതയും 250 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ട്. ചിപ്പന്‍ചിറപാലം യാഥാര്‍ത്ഥ്യമായതോടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കവും വിനോദസഞ്ചാര മേഖലയിലേക്കുള്ള അയല്‍ സംസ്ഥാനക്കാരുടെ വരവും ലളിതമാകും.

ചെല്ലഞ്ചിയില്‍ നടന്ന ചടങ്ങില്‍ വാമനപുരം എംഎല്‍എ ഡി.കെ മുരളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചിപ്പന്‍ചിറയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഗീത എസ്, ജില്ലാപഞ്ചായത്ത് അംഗം എസ് എം റാസി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.