ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ പരാതി പരിഹാര അദാലത്ത് ‘സമാശ്വാസം’ കുന്നത്തൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 214 പരാതികളാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 87 പരാതികളും, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 78 പരാതികളും ഉള്‍പ്പെടുന്നു. 80 പരാതികള്‍ തീര്‍പ്പാക്കി. മറ്റ് അപേക്ഷകള്‍ നടപടി നിര്‍ദേശങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണം അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രദേശത്തെ അനധികൃത മണ്ണ് ഖനനം, മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.

ഡെപ്യൂട്ടി കലക്ടര്‍മാരായ   എം എ റഹീം,  ഗ്രിഗറി കെ. ഫിലിപ്പ്,  ജ്യോതിലക്ഷ്മി,  തഹസീല്‍ദാര്‍ അനില്‍കുമാര്‍, ഭൂരേഖ തഹസില്‍ദാര്‍ ലിസി, താലൂക്ക്, വില്ലേജ്തല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.