മുലപ്പാലാണ് ലോകത്തിലെ ഏറ്റവും വലിയ ഔഷധമെന്നും ഔഷധ ഗുണത്തില്‍ മുലപ്പാലിനെ വെല്ലാന്‍ ഒരു ബഹുരാഷ്ട്ര കമ്പനിയുടെയും ഉത്പന്നങ്ങള്‍ക്കും കഴിയില്ലെന്നും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു. ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനത്തെ കുട്ടികളെക്കാള്‍ എത്രയോ സുന്ദരമാണ് കേരളത്തിലെ കുട്ടികളുടെ മുഖം. കുട്ടികളുടെ മുഖം തുടുക്കണമെങ്കില്‍ അമ്മയുടെ മുഖം തുടുക്കണം. കേരളത്തിലെ അമ്മമാരുടെയും കുട്ടികളുടെയും മുഖത്തെ തേജസ്സിന്റെ രഹസ്യം കേരളത്തിലെ ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ തലമുറ മാതൃത്വത്തിന്റെ എല്ലാ മൂല്യങ്ങളും അറിഞ്ഞ് വളരണം. രോഗങ്ങളെ പ്രതിരോധിക്കാനുളള സാമൂഹിക അന്തരീക്ഷം ഒരുക്കാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. നിപ്പ വൈറസിനെ പിടിച്ച് കെട്ടിയവരാണ് നമ്മള്‍. ആ നമുക്ക് ആരോഗ്യ രംഗത്ത് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിപ്രൊഡക്ടീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ജില്ലാ ഓഫീസര്‍ മുരളീധരന്‍ നല്ലൂരായ അധ്യക്ഷത വഹിച്ചു. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്റേയും ആരോഗ്യവകുപ്പിന്റേയും ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സിന്റേയും സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

ഐ.സി ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് വാരാഘോഷ സന്ദേശം പകര്‍ന്നു നല്‍കി. ശിശുരോഗ വിദഗ്ധരായ ഡോ വി സുരേശന്‍, ഡോ എച്ച് ലിന്‍ഡ എന്നിവര്‍ ബോധവത്കരണ സെമിനാര്‍ അവതരിപ്പിച്ചു.ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. വി. അരുണ്‍ലാല്‍ ,എന്‍ എച്ച് എം പ്രതിനിനിധി സുരേഷ് എന്നിവര്‍ സംസാരിച്ചു.