പാമ്പാക്കുട: വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുള്ള പരിഷ്കാരനടപടികളുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഡിപ്പോകളുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് തുടങ്ങിയ ബസ് റൂട്ടുകൾക്ക് പകരം കെ.എസ്.ആർ.ടി.സിയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും.

ഇതുമായി ബസപ്പെട്ട് ഉയർന്ന് വരുന്ന ന്യായമായ പരാതികളിൽ പരിഹാരം കാണുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും പരിഷ്കരിച്ച പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

എം.എൽ.എ അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താറ്റുപാടം അംഗൻവാടി നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ സി.എം ജോൺ ചൂരാലിനെ മന്ത്രി ആദരിച്ചു. പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവ്വഹിച്ചു. സുതാര്യവും മികച്ചതുമായ സേവനത്തിന്റെ ഉറപ്പാണ് പാമ്പാക്കുട പഞ്ചായത്ത് കരസ്ഥമാക്കിയ ഐ.എസ്.ഒ അംഗീകാരമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.