പുഴയോര ഭൂമി ഒഴിപ്പിക്കല്‍: തല്‍സ്ഥിതി തുടരാന്‍ തീരുമാനം 

ജില്ലയിലെ പ്ലൈവൈഡ് വ്യവസായത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വളപട്ടണം പുഴയോരത്തെ പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടത്തെ വ്യവസായ യൂനിറ്റുകള്‍ പരമ്പരാഗതമായി വളപട്ടണം പുഴയിലൂടെയാണ് തടികള്‍ കൊണ്ടുവരുന്നത്. ഇവ സൂക്ഷിക്കുന്നതും കാലാകാലമായി പുഴയോരത്താണ്. പുഴയോരം കൈയ്യേറി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഈ സ്ഥലങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ സ്ഥലം പാട്ടത്തിന് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ ഈ ഉത്തരവില്‍ നിന്ന് വളപട്ടണം പുഴയോരമുള്‍പ്പെടുന്ന ചിറക്കല്‍,വളപട്ടണം, പാപ്പിനിശ്ശേരി, പുഴാതി പഞ്ചായത്തുകളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.

ഈ വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നിലവിലുള്ള സ്ഥിതി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വ്യവസായമാണ് പ്ലൈവുഡ്. അതിന്റെ സംരക്ഷണം പ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. അതിനാല്‍ ആവശ്യമായ എല്ലാ പിന്തുണയും വ്യവസായ വകുപ്പും സര്‍ക്കാരും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശന്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്ലൈവുഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.