ഇറക്കുമതി നയവും ചുങ്കവും ക്ഷീരകര്‍ഷകന് ന്യായവില ലഭിക്കുന്നതിന് വെല്ലുവിളിയാകുന്നു എന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ക്ഷീരോത്പാദക സഹകരണ യൂണിയന്റെ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിന് ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഉദ്പാദന വര്‍ധന ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളും നടപ്പിലാക്കുന്നു.

പ്രളയകാലത്ത് ഉണ്ടായ ഉദ്പാദന ഇടിവില്‍ നിന്ന് കരകയറാനുമായി. കര്‍ഷകന് ന്യായവില ലഭ്യമാക്കുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇന്‍സെന്റീവും നല്‍കുന്നു. 300 കോടിയോളം രൂപയാണ് ഇന്‍സെന്റീവായി കൊടുത്തിട്ടുള്ളത്. കാലിത്തീറ്റയുടെ വില പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളും നടത്തുകയാണ്. തീറ്റ ഉദ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നേരിട്ട് വാങ്ങുന്നത്  പരിഗണനയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷനായി. മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിന് സമഗ്ര സംഭാവനയ്ക്കുള്ള നന്ദിയോട് രാജന്‍ സ്മാരക പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. ദേശീയ സഹകരണ ഡയറി ഫെഡറേഷന്‍ ചെയര്‍മാന്‍ മംഗല്‍ജിത്ത് റായി, മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, ദേശീയ സഹകരണ ഡയറി ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.സി. സുപേക്കര്‍, തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് വെച്ചൂച്ചിറ സംഘത്തിനും കൂടുതല്‍ തുകയ്ക്ക് പാല്‍ അളന്നതിനുള്ള കര്‍ഷക അവാര്‍ഡ് ജെ.എസ്. സജുവിനും ഗുണനിലവാരമുള്ള പാല്‍ നല്‍കിയതിനുള്ള അവാര്‍ഡ് കുന്നുമ്മ ക്ഷീരസംഘത്തിനും സമ്മാനിച്ചു.