ഭരണഘടന അവബോധം ലക്ഷ്യമാക്കി കിലയുടെ നേതൃത്വത്തിലുള്ള ‘ഭരണഘടനാ ധാര്‍മികത’ പരിശീലന പരിപാടി ആരംഭിച്ചു. കൊട്ടാരക്കര കിലയില്‍ നടന്ന പരിപാടിയില്‍ ക്ലാസ് നയിക്കാന്‍ എത്തിയവരും പങ്കെടുത്തവരും ഒരുമിച്ചു ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു വേറിട്ട ഉദ്ഘാടനമാണ് നടത്തിയത്.

പൊതുജനന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് നിയമ നിര്‍മ്മാണം നടത്തുന്നത്. നിയമങ്ങള്‍ ഉദ്ദേശശുദ്ധി അനുസരിച്ചാണ് നടപ്പിലാക്കുന്നതും. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തേണ്ടത് ജനപ്രതിനിധികളാണ്. ജനപ്രതിനിധികള്‍ മുഖേന നടപ്പിലാക്കുന്ന നിയമങ്ങളെ കോടതികള്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സ്‌പെഷ്യല്‍ ജില്ലാ ജഡ്ജി ഹരി ആര്‍. ചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയും കോടതികളും എന്ന വിഷയം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജീവനക്കാരി തന്റെ വീടിന് മുന്നില്‍ ഇന്ത്യന്‍ ഭരണഘടന ഈ വീടിന്റെ  ഐശ്വര്യം എന്ന് എഴുതി വച്ചിട്ടുണ്ട്. ഇങ്ങനെ ഭരണഘടനയെ വിശുദ്ധമായി കരുതുന്ന ഒട്ടേറെപ്പേരുണ്ട്. അനുകരണീയ നിലാപാടാണിത് എന്ന് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി. സുദേശന്‍ പറഞ്ഞു.

കില റീജിയണല്‍ ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. രവീന്ദ്രന്‍, അഡ്വ. സൗഫിര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍,  സെക്രട്ടറിമാര്‍,  പഞ്ചായത്ത്  ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.