* നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിലയിരുത്തി

കാടും അതിന്റെ വന്യതയും അടുത്തറിയുന്ന അനുഭൂതി സന്ദർശകരിൽ ഉളവാക്കാൻ തയ്യാറെടുക്കുകയാണ് തലസ്ഥാനത്തെ മ്യൂസിയം വളപ്പിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം. വായനയിലും ചിത്രങ്ങളിലും കണ്ട വന്യമൃഗങ്ങളടങ്ങിയ കാടിന്റെ പ്രതീതി സൃഷ്ടിക്കുന്ന മ്യൂസിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇവ വിലയിരുത്തുന്നതിന് മ്യൂസിയം വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം സന്ദർശിച്ചു.

സ്റ്റഫ് ചെയ്ത രണ്ടു കാണ്ടാമൃഗങ്ങളാണ് കവാടത്തിൽ സന്ദർശകരെ സ്വീകരിക്കുന്നത്. മൃഗശാലയിൽ തന്നെയുണ്ടായിരുന്ന കാണ്ടാമൃഗത്തിന്റേതാണത്. തുടർന്ന് ടോർട്ടോയിസ് ക്യാബിൻ കാണാം. കടലാമ, കരയാമ, മുട്ടയിടുന്ന ഭാഗം എന്നിവ ഉൾപ്പെട്ട ക്യാബിൻ കഴിഞ്ഞാൽ മുകളിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നത് ഭൂഖണ്ഡത്തിൽ നിന്നും അന്യംനിന്നുപോയ ജീവജാലങ്ങളാണ്.

ഇവയുടെ ത്രിമാന ഗാലറി മൃഗങ്ങളുടെ യഥാർഥ വലിപ്പത്തിൽ തന്നെ രൂപപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. തുടർന്നെത്തുന്നത് കൊടുങ്കാടിന്റെ ഭീകരതയിലേക്കാണ്. സിംഹവും, കടുവയും, പുലിയും, പെരുമ്പാമ്പും, കാട്ടുപന്നിയും, കുരങ്ങനും ഇവ കൂടാതെ കാട്ടുമരങ്ങളും കാടിന്റെ വന്യതയെ അനുഭവഭേദ്യമാക്കുന്നു. മൃഗങ്ങളുടെ വാസസ്ഥലത്തിന്റെ പ്രത്യേകതകളും അതുപോലെ ആവിഷ്‌കരിച്ചിട്ടുണ്ട്.

കാട്ടുമൃഗങ്ങൾക്ക് പുറമെ കാടിന്റെ മക്കളായ ആദിവാസികളുടെ ജീവിതരീതിയും സസൂക്ഷ്മം സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മൃഗങ്ങളെ മേഖലാടിസ്ഥാനത്തിൽ സജ്ജീകരിച്ച ഡയോറമകൾ, സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവ ഉൾക്കൊള്ളിച്ച മ്യൂസിയം സമ്പൂർണമായും ശീതീകരിക്കപ്പെട്ടതാണ്.

പക്ഷികളുടെ ഗാലറിയും അവയുടെ സ്‌പെസിമനുകൾ ഉൾക്കൊള്ളുന്ന റിപ്പോസിറ്ററിയും പഠിതാക്കളെ ആകർഷിക്കും. ആയിരത്തിൽപരം പക്ഷികളുടെ സ്‌പെസിമനുകളാണ് പ്രദർശിപ്പിക്കുന്നത്.
1964-ൽ ആരംഭിച്ച ഈ മ്യൂസിയത്തിനു കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇന്ററാക്ടീവ് മ്യൂസിയം എന്ന ആശയം മുൻനിർത്തി ആറരക്കോടിയോളം രൂപ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ആധുനിക മ്യൂസിയം സങ്കല്പങ്ങൾക്കനുസൃതമായി സ്വാഭാവികത നിലനിർത്തി രൂപപ്പെടുത്തുന്ന മ്യൂസിയത്തിന്റെ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മ്യൂസിയം ഡയറക്ടർ എസ്.അബു, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത തുടങ്ങിയവർ സംബന്ധിച്ചു.