കാലവര്‍ഷ കെടുതി നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര സേനയെ ആവശ്യപ്പെടാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും കണ്ണൂരില്‍ നിന്നുള്ള ടെറിറ്റോറിയല്‍ ആര്‍മിയുടെയും ഓരോ കമ്പനി സേനയെയാണ് ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ആവശ്യത്തിന് ഡിങ്കി ബോട്ടുകള്‍ ലഭ്യമാക്കാന്‍ റസ്‌ക്യു ആന്‍ഡ് ഫയര്‍ഫോഴ്‌സ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്റെ കൈവശമുള്ള മുഴുവന്‍ ഫൈബര്‍ ബോട്ടുകളും സജ്ജമാണ്.

കൂടുതല്‍ ബോട്ടുകള്‍ ആവശ്യം വരുന്ന മുറയ്ക്ക് വാടകയെടുക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. താലൂക്കടിസ്ഥാനത്തില്‍ ദുരന്ത നിവാരണത്തിനാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കും. റോഡ്, മൊബൈല്‍, വൈദ്യുതി ബന്ധങ്ങള്‍ കാര്യക്ഷമമാക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്.

മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലങ്ങള്‍ പരിശോധിക്കാനും മറ്റപകടങ്ങള്‍ ഒഴിവാക്കാനും ജില്ലാ മണ്ണു സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. പുനര്‍നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടുകളുടെ സമീപം താമസിക്കുന്നവരെയും ക്യാമ്പുകളിലേക്ക് ആവശ്യാനുസരണം മാറ്റും. വെള്ളം കയറാന്‍ സാധ്യതയുള്ള ഓഫീസുകളില്‍ നിന്നും ഫയലുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മഴയുടെ തീവ്രത കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബീച്ചനഹള്ളി അണക്കെട്ടിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് വ്യാഴാഴ്ച്ച രാവിലെയോടെ 6000 ക്യൂബിക് മീറ്റര്‍ സെക്കന്‍ഡില്‍ നിന്നും 7000 ആയും ഉയര്‍ത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങളും ജില്ലയിലാവശ്യമായ പാചകവാതകം, ഇന്ധനം എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ സിവില്‍ സപ്ലൈ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പരിശോധിക്കുണ്ട്. ജില്ലാ-താലൂക്ക് ആശുപത്രികളടക്കം അടിയന്തര സാഹചര്യം നേരിടാനും സജ്ജമാക്കിയിട്ടുണ്ട്.

ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദിവസവും അവലോകന യോഗം ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.