സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് സമാപനം. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭയോടെയാണ് രണ്ടുദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ജില്ലയിലെ വിവിധ കോളജ്- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാതൃക നിയമസഭ അരങ്ങേറിയത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മുതലുള്ള രണ്ടു ദിവസത്തെ നിയമസഭാ പ്രവര്‍ത്തനങ്ങളാണ് ഒന്നര മണിക്കുര്‍ നീണ്ട മാതൃക നിയമസഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ പ്രസംഗം, ചോദ്യോത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, പേപ്പറുകള്‍ മേശപ്പുറത്തുവയ്ക്കല്‍, റിപ്പോര്‍ട്ട് സമര്‍പ്പണം, ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച എന്നിവ ഉള്‍ക്കൊള്ളിച്ചിരുന്നു.
മാതൃകാ നിയമസഭയുടെ ഗവര്‍ണറായി കോടോത്ത് ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസിലെ സന്ദിപ്ത രാഗ്.പി, മുഖ്യമന്ത്രിയായി പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ ശ്രീലക്ഷ്മി.പി, സ്പീക്കറായി കാസര്‍കോട് ഗവ. കോളേജിലെ നാസിര്‍. കെ, ഡെപ്യൂട്ടി സ്പീക്കറായി അജിനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ ഇദില്‍ ഇസ്മായില്‍, പ്രതിപക്ഷനേതാവായി അജിനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ ശ്രീരഞ്ജിനി. കെ, മന്ത്രിമാരായി അജിനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ ഫാത്തിമത്ത് ഫമീദ (വിദ്യാഭ്യാസം), കമ്പള്ളൂര്‍ ജി.എച്ച്.എസ്.എസിലെ അലീന ജോസഫ് (റവന്യൂ), ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ അയിഷാ സ്വതീക. പി.എം (ധനകാര്യം), ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസിലെ ദേവികാ ഗംഗന്‍ (ഭക്ഷ്യവും സിവില്‍ സപ്ലൈസും), ദുര്‍ഗ എച്ച് എസ് എസിലെ മെറീന റെനി (ആരോഗ്യം), ദുര്‍ഗ എച്ച് എസ് എസിലെ വിഷ്ണു.ആര്‍ (എക്‌സൈസ്), അജിനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ അയിഷത്ത് നിഹാല. എ.കെ (ഐ.ടിയും പാര്‍ലമെന്ററി കാര്യവും), അജിനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ കദീജത്ത് ഷഹാന ഷിറിന്‍ (തദ്ദേശ സ്വയംഭരണം), ദുര്‍ഗ എച്ച് എസ് എസിലെ ജോസ് വിന്‍ സി. ബിനോ (കൃഷി) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖരും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും പങ്കെടുത്തു.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പരിപാടിയില്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.