ദുരിത  പേമാരിക്കിടയിലും നന്മയുടെ സന്ദേശ വാഹകനായി സ്‌നേഹത്തിന്റെയും  സാഹോദര്യത്തിന്റെയും  മാതൃകയാവുകയാണ് നീലേശ്വരം പടിഞ്ഞാറ്റന്‍ കൊഴുവല്‍  സ്വദേശി ശ്രീപദി റാവു. കനത്ത മഴയില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്ക് സ്‌നേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി  നിരവധി സാധനങ്ങളാണ് ഇദ്ദേഹം നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖത്തില്‍ പടന്നക്കാട് കാര്‍ഷിക കോളെജില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എത്തിയാണ് അദ്ദേഹം സാധനങ്ങള്‍ കൈമാറിയത്.
പ്രളയത്തില്‍  എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപം  ഈ 73 കാരന്റെ   മനസ്സിനെ ഏറെ ഉലച്ചിരുന്നു. പിന്നെ പ്രായത്തിന്റെ അവശതകളൊന്നും വകവെക്കാതെ മകള്‍ ശാലിനിയെയും കൊച്ചു മക്കളെയും കൂട്ടി നേരെ പടന്നക്കാട് കാര്‍ഷിക കോളേജിലെ  കളക്ഷന്‍ സെന്ററില്‍ എത്തി സാധനങ്ങള്‍   സബ് കളക്ടര്‍ അരുണ്‍ കെ വിജയനെ ഏല്‍പ്പിക്കുകയായിരുന്നു.  ഭര്‍ത്താവിന്റെ ഈ വിശാല മനസ്സിന് എല്ലാവിധ പിന്തുണയും നല്‍കി ഭാര്യ ദേവകിയും ഒപ്പം നിന്നു. വസ്ത്രങ്ങള്‍,  , സോപ്പ്,ബക്കറ്റ്, ക്ലീനിംങ്  സാമഗ്രികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ അത്യാവശ്യമായ സാധനങ്ങളാണ് അദ്ദേഹം നല്‍കിയത്.
നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീപദി റാവു .ഭാര്യ ദേവകിക്കൊപ്പമാണ് താമസിക്കുന്നത്. രണ്ട് മക്കള്‍ വിവാഹം കഴിച്ച് വിദേശത്താണ് താമസം. ദുരിത ബാധിതരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി മറ്റുള്ളവരും മുന്നോട്ട് വരണമെന്നുമാത്രമാണ് ശ്രീപദി  റാവുവിന് പറയാനുള്ളത്.