മത്സ്യത്തൊഴിലാളി സുരക്ഷ ശക്തമാക്കാന്‍ അതിവേഗ നടപടികള്‍ക്ക് തുടക്കമായി: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ
ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഐ. എസ്. ആര്‍. ഒ. വികസിപ്പിച്ച നാവിക് ഉപകരണം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണയാത്ര ശക്തികുളങ്ങര തുറമുഖത്ത് ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തില്‍ 500 ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഐ. എസ്. ആര്‍. ഒ. യുമായി ധാരണയായി. തുടര്‍ന്ന് 1000 ബോട്ടുകള്‍ക്ക് കൂടി ഉപകരണം വാങ്ങും. പിന്നീട് ഇവ കെല്‍ട്രോണ്‍ വഴി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപകരണത്തിന്റെ സാങ്കേതിക വിദ്യ കൈമാറുമെന്ന് ഐ. എസ്. ആര്‍. ഒ. ഉറപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യലഭ്യത, കാലാവസ്ഥാ വ്യതിയാനം, കപ്പല്‍ ചാലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഉപകരണത്തിലൂടെ സന്ദേശമായി കൈമാറാനാകും. പരീക്ഷണ യാത്രയുടെ അടിസ്ഥാനത്തില്‍ ഇവയുടെ പ്രായോഗികക്ഷമത വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്തു നിന്ന് നാവിക് ഘടിപ്പിച്ച രണ്ട് മത്‌സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് പോയത്. വിഴിഞ്ഞത്തു നിന്ന് രണ്ട് ഫൈബര്‍ ബോട്ടുകളും കൊച്ചി വൈപ്പിനില്‍ നിന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ചെറിയ കപ്പലും ഇതോടൊപ്പം കടലിലേക്ക് പോയിട്ടുണ്ട്. ബോട്ടുകളെല്ലാം ഇന്ന് (ജനുവരി 6) വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തും. വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ട ബോട്ടുകള്‍ കടലില്‍ 40 കിലോമീറ്റര്‍ വരെ പോകും. വലിയ ബോട്ടുകള്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിച്ച് നാവിക് സംവിധാനത്തിന്റെ ശേഷി പരിശോധിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശാസ്ത്രജ്ഞനായ സിജി എം. തങ്കച്ചന്‍, സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍കുമാര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായ ബിനോയ് എന്നിവരാണ് കൊച്ചിയില്‍ നിന്നുള്ള കപ്പലില്‍ മത്‌സ്യത്തൊഴിലാളികളായ സിറാജിനും ജസ്റ്റിനുമൊപ്പം പോയത്. നീണ്ടകരയില്‍ നിന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഡോ. ആന്‍ഡ്രൂസ് സ്‌പെന്‍സര്‍, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരായ ശിവാനന്ദന്‍, സിജോ, ഷെല്ലി, മത്‌സ്യത്തൊഴിലാളികളായ റോയി, സുജിമോന്‍, ആല്‍ബര്‍ട്ട് എന്നിവരാണ് പോയത്. വിഴിഞ്ഞത്തു നിന്ന് യേശുമാത, ഗോഡ്‌സണ്‍ എന്നീ ഫൈബര്‍ ബോട്ടുകളാണ് പോയത്.