നിയമസഭാ ജീവനക്കാർക്ക് ക്രമരഹിതമായും നിയമവിരുദ്ധമായും ഓവർടൈം അലവൻസ് അനുവദിച്ചിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ചതായി സെക്രട്ടറി അറിയിച്ചു.

നിയമസഭ സമ്മേളിക്കുന്ന അവസരങ്ങളിൽ സഭാ സമ്മേളനം ഒൻപത് മണിക്ക് ആരംഭിക്കുന്നതിനാൽ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം രാവിലെ ആറിന് ആരംഭിക്കും. സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പത്ത് ദിവസം മുമ്പ് ആരംഭിക്കുകയും ചെയ്യും. അന്നുമുതൽ ജീവനക്കാർ അതിരാവിലെ ഓഫീസിലെത്തേണ്ടി വരുന്നുണ്ട്. വളരെ വൈകിയാണ് ഈ ദിവസങ്ങളിൽ ജീവനക്കാർ ഓഫീസിൽ നിന്ന് മടങ്ങുന്നത്. ജീവനക്കാർക്കുള്ള ആശ്വാസം, പ്രോത്‌സാഹനം എന്ന നിലയിലാണ് ഓവർടൈം അലവൻസ് നൽകുന്നത്.

അധികസമയം ജോലി നിർവഹിക്കുന്ന ജീവനക്കാർക്ക് കേരള സർവീസസ് ചട്ടങ്ങളിലെ അപ്പന്റിക്‌സ് 4 എ അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് ഓവർടൈം അലവൻസ് അനുവദിക്കുന്നത്. നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിബന്ധനകളും കർശനമായി പാലിച്ചും ഓവർടൈം ഡ്യൂട്ടി സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റുകൾ ബന്ധപ്പെട്ട കൺട്രോളിംഗ് ഓഫീസറുടെ സൂക്ഷ്മപരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തലിനും വിധേയമായിട്ടുമാണ് അലവൻസ് അനുവദിക്കുന്നത്.

ഇത് ഇന്റേണൽ ഓഡിറ്റ്, എ. ജി എന്നിവരുടെ ഓഡിറ്റിന് വിധേയമാക്കാറുമുണ്ട്.
നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ മാത്രമല്ല ഓവർടൈം അലവൻസ് കൈപ്പറ്റുന്നത്. ഒരു വിഭാഗം ജീവനക്കാർ അധിക ഡ്യൂട്ടിയിൽ നിന്ന് ഒഴിവായിട്ടുമുണ്ട്. നിയമസഭാ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ചുമതലകൾ നിർവഹിക്കുന്നതിനായി നിയോഗിക്കുന്ന വാച്ച് ആന്റ് വാർഡ്, സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ, ഫയർ ഫോഴ്‌സ്, ആരോഗ്യം, പി ഡബ്‌ള്യു ഡി, സ്‌റ്റേഷനറി വകുപ്പുകളിലെ ജീവനക്കാർ, എം. എൽ. എമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കും ഓവർടൈം അലവൻസ് അനുവദിക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു.