രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് നൽകുന്നതിന് കേന്ദ്ര ശുചിത്വ കുടിവെളള മന്ത്രാലയം സ്വച്ഛ് സർവ്വേക്ഷൻ (ഗ്രാമീൺ) 2019ന് തുടക്കമായി.
പൊതുജനങ്ങൾക്ക് അവരുടെ ജില്ലയിലെ പഞ്ചായത്തുകളിലെ പൊതുശുചിത്വത്തെ പറ്റി മൊബൈൽ ആപ്ലിക്കേഷനിലൂടെ അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ എസ്.എസ്.ജി.2019 എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാല് ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.
സ്‌കൂളുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ മുതലായ പൊതുഇടങ്ങളുടെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിൽ അവരുടെ നിർദേശങ്ങൾ എന്നിങ്ങനെയുളള മത്സരാധിഷ്ഠിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സർവ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും കേന്ദ്രസർക്കാർ അവാർഡ് നൽകും. കേരളത്തിൽ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായാണ് സർവ്വേ.