ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയത് മികച്ച സുരക്ഷാ സംവിധാനം. അഗ്നിശമന സേനയും പൊലീസും അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് സുരക്ഷാ സംവിധാനങ്ങളും  വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനാവാശ്യമായ സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിരുന്നത്.  അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ സത്രക്കടവിന് സമീപം നദിയിലെ അപകടകരമായ സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനം  ഒരുക്കിയിരുന്നു.  വെള്ളത്തില്‍ വീണ് അപകടമുണ്ടായാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആറന്മുള സത്രത്തില്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രമാണ് എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

\
ക്ഷേത്രവുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാവരേയും സുരക്ഷാ കാമറകളുടെ സഹായത്തോടെ പോലീസ് നിരീക്ഷിച്ചു. ഗതാഗത കുരുക്ക് ഉണ്ടാകാതെ മികച്ച ട്രാഫിക് ക്രമീകരണങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.